കേരളത്തിലെ കോൺഗ്രസ് തൊഴിലാളി സംഘടനകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് എൽഡിഎഫ് നേതാവ് ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. അഖിലേന്ത്യാതലത്തിൽ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിച്ചാലും കേരളത്തിലെ നേതൃത്വം തൊഴിലാളി ഐക്യം തകർക്കുന്ന രീതിയിലാണ് സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി.യെ ദേശീയ പണിമുടക്കിൽ നിന്ന് വിലക്കിയതാണ് ഇതിന് ഉദാഹരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജാഥ തുടരുന്ന സാഹചര്യത്തിൽ കുറ്റ്യാടിയിൽ ഐക്യം പ്രകടിപ്പിച്ചതിനെ കുറിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു.
ആധുനികവൽക്കരണവും ശാസ്ത്രസാങ്കേതിക പുരോഗതിയും തൊഴിലാളികളുടെ അധ്വാനഭാരം കുറയ്ക്കുന്നതിനായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എന്നാൽ തൊഴിലാളികളുടെ ജോലി സമയം വർധിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് പകരമായ സമീപനം മുന്നോട്ടുവയ്ക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എട്ട് മണിക്കൂർ ജോലി എന്ന അവകാശം ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ പോരാട്ടഫലമായി നേടിയെടുത്തതാണെന്നും അത് 14 മണിക്കൂറായി വർധിപ്പിക്കുന്നത് കോർപ്പറേറ്റ് താൽപര്യങ്ങൾക്കുവേണ്ടിയാണെന്നും അദ്ദേഹം വിമർശിച്ചു. തൊഴിലാളി വർഗത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് വികസന മുന്നേറ്റ ജാഥ മാറ്റിവെച്ചതെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
