പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസുകളിലെ ഓൺലൈൻ ബുക്കിങ് സംവിധാനം വൻ വിജയമാണെന്നും മലബാർ മേഖലയിലെ ടൂറിസം വികസനത്തിൽ അത് നിർണായക പങ്കുവഹിച്ചുവെന്നും ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. താമസസൗകര്യങ്ങളുടെ അപര്യാപ്തതയും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളുമായിരുന്നു വടക്കൻ ജില്ലകളിലേക്ക് സഞ്ചാരികളെ പിന്നോട്ടുവലിച്ചിരുന്ന പ്രധാന ഘടകങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തൃശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിലേക്ക് മുൻപ് വിനോദസഞ്ചാരികളുടെ വരവ് വളരെ കുറവായിരുന്നു. കേരളത്തിലെത്തുന്ന നൂറു സഞ്ചാരികളിൽ വെറും ആറുപേർ മാത്രമായിരുന്നു ഈ ജില്ലകളിലേക്ക് എത്തിയിരുന്നത്. ഈ പ്രദേശങ്ങളിൽ വിനോദസഞ്ചാര സാധ്യതകളോ ചരിത്രപരമായ പ്രത്യേകതകളോ ഇല്ലാത്തതുകൊണ്ടല്ല ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത്. മറിച്ച് താമസസൗകര്യങ്ങളുടെ കുറവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസങ്ങളുമായിരുന്നു സഞ്ചാരികളെ അകറ്റിനിർത്തിയിരുന്നത്. എന്നാൽ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹോസ്പിറ്റാലിറ്റി മേഖലയിലും യാത്രാസൗകര്യങ്ങളിലും സർക്കാർ നടത്തിയ ഇടപെടലുകൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയത് ഇതിൽ പ്രധാനമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഓൺലൈൻ വഴി റൂമുകൾ ബുക്ക് ചെയ്തത്. ഇതിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നത് പദ്ധതിയുടെ വിജയം തെളിയിക്കുന്നു. കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യം ലഭ്യമായതോടെ മലബാർ മേഖലയിലെ റസ്റ്റ് ഹൗസുകളിൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു. സംസ്ഥാനത്താകെ 1053 പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളാണുള്ളത്. അതിൽ വലിയൊരു പങ്കും മലബാർ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.

റോഡുകളുടെ വികസനവും യാത്രാസമയം കുറഞ്ഞതും ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകി. കോഴിക്കോട് ജില്ലാ അതിർത്തിയിൽ നിന്നും മലപ്പുറം കടന്ന് തൃശൂരിലെത്താൻ മുൻപ് നാലഞ്ചു മണിക്കൂർ വേണ്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒന്നര മണിക്കൂർ കൊണ്ട് യാത്ര സാധ്യമാകുന്ന സാഹചര്യമാണുള്ളത്. ദേശീയപാത 66ൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ വടക്കൻ കേരളത്തിലേക്ക് എത്തിച്ചേരുന്നത് കൂടുതൽ എളുപ്പമാകും. ഇതോടൊപ്പം സർക്കാർ സ്ഥലങ്ങളിൽ പിപിപി മാതൃകയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ആരംഭിക്കുന്ന പദ്ധതിയും പുരോഗമിക്കുന്നുണ്ട്.

കാസർകോട് ജില്ലയിലെ ഉദുമ പഞ്ചായത്തിൽ മാത്രം മൂന്ന് ഫൈവ് സ്റ്റാർ ഹോട്ടലുകൾ വന്നത് ഇതിന് ഉദാഹരണമാണ്. കാസർകോട് പോലുള്ള ജില്ലകളിൽ താമസസൗകര്യങ്ങൾ വലിയ തോതിൽ വർധിക്കാൻ ഇത് ഇടയാക്കി. മലബാർ ടൂറിസത്തെ മുൻനിർത്തി സർക്കാർ നടപ്പിലാക്കിയ ദീർഘവീക്ഷണത്തോടുകൂടിയുള്ള പദ്ധതികൾ കേരള ടൂറിസത്തിന് തന്നെ മുതൽകൂട്ടായിരിക്കുകയാണ്.

വയനാട് ടൂറിസത്തിന് വേണ്ടി ബാംഗ്ലൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രത്യേക മാർക്കറ്റിങ് ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി വയനാട്, കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു.