സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 12 വരെ ഏകീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതിൽ വിശദീകരണവുമായി എക്സൈസ് മന്ത്രി എം ബി രാജേഷ്. ടൂറിസം പ്രോത്സാഹനമാണ് പ്രധാന ലക്ഷ്യമെന്നും അയൽ സംസ്ഥാനങ്ങളിലെ സാഹചര്യവും പരിഗണിച്ചാണ് തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഏറ്റവും ഉയർന്ന ലൈസൻസ് ഫീസ് ഈടാക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് 5 ലക്ഷം രൂപ അധികം അടച്ചാൽ രാത്രി 3 മണിവരെ പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു. സമയം ഏകീകരിക്കുന്നതിൽ പ്രതിപക്ഷം അനുകൂല നിലപാടായിരുന്നു സ്വീകരിച്ചതെന്നും ഇത് സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയതെന്നും അല്ലാത്തപക്ഷം ഒക്ടോബറിൽ തന്നെ വിജ്ഞാപനം വന്നേനെയെന്നും മന്ത്രി പറഞ്ഞു. കത്തോലിക്കാ സഭ ഉയർത്തിയ തിരഞ്ഞെടുപ്പ് ഡീൽ ആരോപണം സർക്കാരിനെ ലക്ഷ്യമിട്ടതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ ആകെ 1379 മദ്യശാലകളാണ് ഉള്ളതെന്നും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതിനേക്കാൾ കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇടത് സർക്കാരിന്റെ മദ്യനയത്തിൽ മാറ്റമില്ലെന്നും മദ്യവർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി. ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും ഒരു മണിക്കൂർ നേരത്തെ അടച്ചാൽ മദ്യപാനം കുറയുമോ എന്ന ചോദ്യവും മന്ത്രി ഉയർത്തി. പ്രതിപക്ഷത്തിന്റെ നിലപാട് ഇരട്ടത്താപ്പും കാപട്യവുമാണെന്നും അദ്ദേഹം വിമർശിച്ചു.