തൊഴിലില്ലായ്മ പരിഹരിക്കാൻ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയത് ഇടതുപക്ഷ സർക്കാരുകൾ മാത്രമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കേരള പഠന കോൺഗ്രസിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സർക്കാരുകളുടെ കാലത്ത് തൊഴിലില്ലായ്മ വർധിക്കുകയാണുണ്ടായത്. കേരള മാതൃകയെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാൻ വർഗീയ അജണ്ടകൾ ഉപയോഗിക്കുന്നുണ്ടെന്നും, സിനിമകളെപ്പോലും ഇതിനായി ആയുധമാക്കുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ കേരളം കൈവരിച്ച നേട്ടം വലിയ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസന കാര്യങ്ങളിൽ വിമർശിച്ചുകൊണ്ട് തന്നെ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്ന് എം.എ. ബേബി ആവശ്യപ്പെട്ടു. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ 40 ശതമാനം യു.ഡി.എഫ് പഞ്ചായത്തുകളും സഹകരിച്ചിട്ടുണ്ട്. ഇത്തരമൊരു ക്രിയാത്മകമായ സമീപനം പ്രതിപക്ഷ നേതാവിൽ നിന്നും ഉണ്ടാകണം

. നുണപ്രചരണങ്ങൾ നടത്തുന്നതിന് പകരം കേരളത്തിന്റെ വികസനം ചർച്ച ചെയ്യാൻ വി.ഡി. സതീശൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങൾ ആരോഗ്യകരമായ വിമർശനം നടത്തണമെന്നും പ്രതിപക്ഷത്തിന്റെ ജോലി ഏറ്റെടുക്കാതെ പക്വത കാണിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.