വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുമെന്ന് എംഎ ബേബി അറിയിച്ചു. പിബി യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിപിഐഎം സാധാരണയായി മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രീതിയല്ല പിന്തുടരുന്നതെന്നും അതിനാൽ ഇത്തവണയും അത്തരമൊരു പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അഞ്ച് ദിവസത്തിനകം എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് ധാരണയാകുമെന്നാണ് പ്രതീക്ഷ. ആദ്യ സ്ഥാനാർഥി പട്ടിക മാർച്ച് ആദ്യവാരത്തിൽ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡമെന്ന് എം.എ. ബേബി വ്യക്തമാക്കി. മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കൾക്കും സ്ത്രീകൾക്കും സ്ഥാനാർഥി പട്ടികയിൽ അർഹമായ പ്രാതിനിധ്യം നൽകും. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും പ്രത്യേക പരിഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറിമാരുടെ നിർദ്ദേശങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.
സിപിഐഎം മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമാണെന്നും പാർട്ടിയിൽ പോളിറ്റ് ബ്യൂറോ തന്നെയാണ് ‘ഹൈക്കമാൻഡ്’ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടി പ്രവർത്തനങ്ങൾ ജനാധിപത്യപരമായ രീതിയിലാണ് നടക്കുന്നതെന്നും എല്ലാ സംസ്ഥാനങ്ങളിലും ഇടതുപക്ഷ പാർട്ടികൾ ശക്തിപ്രാപിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തതയോടെ മുന്നിലെത്തുമെന്നും നേതൃത്വം വ്യക്തമാക്കി.
