നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപ് ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. സെഷൻസ് കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ദിലീപിനെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം.

ദിലീപിനെ വെറുതെ വിട്ട നടപടി തെറ്റായതാണെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ദിലീപിന്റെ കൈവശം എത്തിയെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നുവെങ്കിലും, കോടതി അത് അംഗീകരിച്ചില്ലെന്നാണ് സർക്കാരിന്റെ നിലപാട്. സുപ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴി അവിശ്വസിച്ചത് ഗുരുതര പിഴവാണെന്നും പല സാക്ഷിമൊഴികളും നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞതായും അപ്പീലിൽ വ്യക്തമാക്കുന്നു.

കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെയുള്ളവർക്ക് നൽകിയ ശിക്ഷ വളരെ കുറവാണെന്നും അത് വർധിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് പൾസർ സുനിയുടെ ശിക്ഷാ കാലാവധി കൂട്ടേണ്ടതുണ്ടെന്നാണ് സർക്കാരിന്റെ നിലപാട്.