ഇറാനിലേക്ക് അമേരിക്ക നടത്തിയ സൈനിക നീക്കത്തോട് പത്തില്‍ ആറ് അമേരിക്കക്കാരും വിയോജിക്കുന്നതായി സര്‍വെ ഫലം. എസ്എസ്ആര്‍എസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സിഎന്‍എന്‍ അഭിപ്രായ സര്‍വെയുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തോട് സര്‍വെയില്‍ പങ്കെടുത്ത 59 ശതമാനം അമേരിക്കക്കാരാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഇറാന്‍ സര്‍ക്കാരിനെ അട്ടിമറിക്കരുതെന്ന് 56 ശതമാനം അമേരിക്കക്കാരും അഭിപ്രായപ്പെടുന്നു. ഇറാന്‍ വിഷയത്തില്‍ വ്യക്തമായ പദ്ധതി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനില്ലെന്നാണ് 60 ശതമാനം അമേരിക്കക്കാരുടേയും ധാരണ.
ഇസ്രയേലുമായി ചേര്‍ന്ന് അമേരിക്ക ഇറാനിലേക്ക് നടത്തിയ സംയുക്ത ആക്രമണത്തിന്റെ ലക്ഷ്യത്തെയും ട്രംപിന്റെ പദ്ധതികളേയും ഭൂരിഭാഗം അമേരിക്കക്കാരും സംശയത്തോടെയാണ് നോക്കിക്കാണുന്നതെന്നാണ് സര്‍വെ ഫലങ്ങള്‍ തെളിയിക്കുന്നത്. ഇറാനിലേക്ക് ഒരു അപ്രതീക്ഷിത ആക്രമണം നടത്തുന്നതിന് മുമ്പ് നയതന്ത്ര സാധ്യതകള്‍ അമേരിക്ക പൂര്‍ണമായി തേടിയെന്ന് വിശ്വസിക്കുന്നത് വെറും 27 ശതമാനം മാത്രമാണ്. 39 ശതമാനം പേരും നയതന്ത്ര സാധ്യതകള്‍ക്കായി അമേരിക്ക പരമാവധി ശ്രമിച്ചില്ലെന്നാണ് വിശ്വസിക്കുന്നത്. 33 ശതമാനം പേര്‍ ഇതില്‍ ഉറപ്പിച്ചൊരു അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല.
41 ശതമാനം പേരാണ് അമേരിക്ക നടത്തിയ ആക്രമണത്തെ പിന്തുണച്ചിരിക്കുന്നത്. 59 ശതമാനം പേരും ആക്രമണത്തെ പിന്തുണയ്ക്കുന്നില്ല. ശക്തമായി പിന്തുണയ്ക്കുന്നത് 16 ശതമാനം പേരാണെങ്കില്‍ ആക്രമണത്തെ ശക്തമായി എതിര്‍ക്കുന്നത് ഇതിന്റെ ഇരട്ടി ആളുകളാണ് (31ശതമാനം).
