പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ പരമാവധി ജാഗ്രതയും ഉത്തരവാദിത്വവും പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾ അവതരിപ്പിക്കുമ്പോൾ വസ്തുതകൾ നഷ്ടപ്പെടാതെയും അതിശയോക്തി ഒഴിവാക്കിയും റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം നിർദേശിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത മാധ്യമ മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതിനാൽ അവിടുത്തെ വാർത്തകൾ നാട്ടിലുള്ള കുടുംബങ്ങളിൽ ആശങ്കയും ഭയവും വർധിപ്പിക്കാൻ ഇടയാക്കാമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളും വാർത്തയായി പ്രചരിപ്പിക്കാതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസികൾ, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ എന്നിവയെ മാത്രമേ വിശ്വസനീയമായ വിവര സ്രോതസ്സുകളായി ഉപയോഗിക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
‘ബ്രേക്കിംഗ് ന്യൂസ്’ നൽകാനുള്ള മത്സരത്തിനിടയിൽ വസ്തുതകൾ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വതലത്തിൽ തന്നെ നിയന്ത്രണം ഉറപ്പാക്കണം. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ, സ്ഫോടനങ്ങൾ തുടങ്ങിയ സംഭവങ്ങൾ അതീവ വൈകരികതയോടെ അവതരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ ഗൾഫ് രാജ്യങ്ങളും ഒരേപോലെ അപകടാവസ്ഥയിലാണെന്ന പൊതുവായ ധാരണ സൃഷ്ടിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ, വിലാസം, ജോലി സ്ഥലം എന്നിവ അനാവശ്യമായി പുറത്തുവിടുന്നത് അവരുടെ സുരക്ഷയെ ബാധിക്കാമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇത്തരം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിയന്ത്രണം പാലിക്കണമെന്ന് പറഞ്ഞു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ സെൻസേഷണൽ രീതിയിൽ ചിത്രീകരിക്കുന്നതിന് പകരം, അവർക്കാവശ്യമായ സുരക്ഷാ നിർദേശങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതിലാണ് മാധ്യമങ്ങൾ മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെൽപ് ലൈൻ നമ്പറുകൾ, നോർക്കയുടെയും പ്രവാസി വകുപ്പിന്റെയും സേവനങ്ങൾ എന്നിവ തുടർച്ചയായി പ്രചരിപ്പിക്കുന്നത് കുടുംബങ്ങളുടെ ആശങ്ക കുറയ്ക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ഫാക്റ്റ് ചെക്കിംഗ് സംവിധാനം ശക്തമാക്കണമെന്നും, വിമാനയാത്രാ നിരക്കുമായി ബന്ധപ്പെട്ട പ്രവാസികളുടെ പരാതികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
