ടി20 ലോകകപ്പിൽ ഇന്ത്യ കിരീടമുയർത്തിയതോടെ ഇപ്പോൾ എങ്ങും നിറഞ്ഞുനിൽക്കുന്ന പേര് സഞ്ജു സാംസൺ ആണ്. തന്റെ കരുത്തിൽ ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിക്കൊടുത്ത സഞ്ജു ഓരോ മലയാളിയുടെയും ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി മാറിയിരിക്കുകയാണ്. മത്സരം പൂർത്തിയായി സഞ്ജു തിരിച്ച് കേരളക്കരയിലെത്തിയിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ ചിരിയോടെ ഇന്ത്യയുടെ സ്വന്തം ചേട്ടൻ വന്നിറങ്ങി.
അതിഗംഭീര വിജയത്തിന് ശേഷമെത്തിയ സഞ്ജുവിനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമാണ് വിമാനത്താവളത്തിൽ കാത്തുനിന്നത്. മന്ത്രി വി ശിവൻകുട്ടി, എഎ റഹിം എന്നിവരും വിമാനത്താവളത്തിലെത്തി സഞ്ജുവിനെ സ്വീകരിച്ചു.
ഫൈനൽ മത്സരത്തിലും മികച്ച് സ്കോർ നേടിയതോടെ അന്താരാഷ്ട്ര ടി20 ലോകകപ്പിൽ വിരാട് കോലിയുടെ 12 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു സഞ്ജു സാംസൺ. ഇതോടെ ഒരു ലോകകപ്പ് സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായി സഞ്ജു സാംസൺ. അഞ്ച് മത്സരങ്ങളിൽ നിന്നായി 321 റൺസാണ് മലയാളി താരം നേടിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സഞ്ജു സാംസണാണ്. പ്ലെയർ ഓഫ് ദി ടൂർണമെന്‍റായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു.
