ദേശീയപാത ഉദ്ഘാടനത്തില്‍ നിന്നും മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ സ്റ്റണ്ട് ആണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പ്രോട്ടോകോള്‍ ലംഘനം നടന്നിരിക്കുന്നുവെന്നും പദ്ധതിയുടെ ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ദേശീയപാത വികസനത്തില്‍ കേന്ദ്രത്തില്‍ നിന്നും പലപ്പോഴും പ്രശംസ ലഭിച്ചിട്ടുണ്ട്. ഓരോ റീച്ചിന്റെയും നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ചത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്നും ദേശീയപാത വികസനത്തില്‍ മറ്റൊരു സംസ്ഥാനവും പണം നല്‍കിയിട്ടില്ല. എന്നിട്ടും പിതൃത്വം ഏറ്റെടുക്കാന്‍ ഓരോരുത്തര്‍ ശ്രമിക്കുകയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ കേരളത്തിന്റെ വികസനത്തിന് സമ്മാനിച്ചത് വട്ടപ്പൂജ്യം. ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അങ്ങേയറ്റം അവഗണിക്കുന്ന രൂപത്തില്‍ പെരുമാറിയാല്‍ ചടങ്ങ് ബഹിഷ്‌കരിക്കുകയല്ലാതെ പിന്നെ എന്ത് ചെയ്യുമെന്നും ശിവന്‍കുട്ടി ചോദിച്ചു.

എല്ലാ കാര്യത്തിലും സംസ്ഥാനത്തിനുള്ള ഫണ്ട് കേന്ദ്രം വെട്ടിച്ചിരിക്കുകയാണ്. ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് നടന്നിരിക്കുന്നത്. ഇന്ത്യയുടെ ഭാഗം അല്ലേ കേരളവുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. എല്ലാ കാര്യത്തിലും സംസ്ഥാനത്തിനുള്ള ഫണ്ട് കേന്ദ്രം വെട്ടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണോ എന്നും സംശയമുണ്ട്.

പരിപാടിയില്‍ പങ്കെടുക്കുന്ന ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നാണക്കേട് സ്വയം ബോധ്യപ്പെടണം. കേന്ദ്രസര്‍ക്കാറിന്റെ എല്ലാ പരിപാടിയിലും ഇപ്പോള്‍ ഇടിയും തള്ളലുമാണ്. ഒരു പരിപാടിയും ഉദ്ഘാടനം ചെയ്യാന്‍ പറ്റുന്നില്ല. മുഴുവന്‍ ബിജെപിക്കാര്‍ കയറിവരുകയാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതാ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കിയ സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. ഇന്ന് നടക്കേണ്ട പരിപാടിക്ക് ഇന്നലെയാണ് അറിയിക്കുന്നതെന്നും തനിക്ക് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉണ്ടെന്നും അതിനാല്‍ പങ്കെടുക്കില്ലെന്നും മന്ത്രി എം.ബി. രാജേഷും പറഞ്ഞു.

കഴിഞ്ഞ തവണ തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത് അനുസരിച്ച് പോയപ്പോല്‍ എസ്പിജി ഉദ്യോഗസ്ഥര്‍ തന്നോട് ആധാര്‍ കാര്‍ഡ് ചോദിക്കുന്ന സ്ഥിതിയുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുവദിച്ച പാസ് ഉണ്ടായിട്ടാണ് ഈ ദുരനുഭവമുണ്ടായതെന്നും അന്ന് വിവാദമാക്കേണ്ട എന്ന് കരുതിയാണ് പറയാതിരുന്നതെന്നും എംബി രാജേഷ് പറഞ്ഞു.

ദേശീയപാതയില്‍ മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത വ്യവസ്ഥ വെച്ചവരാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്റെ കാര്യം വരുമ്പോഴൊക്കെ നിങ്ങള്‍ പണം തരണം എന്നു പറയുന്നു. ഈ വിവേചനം എല്ലാ കാര്യങ്ങളിലും ഉണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ സംസ്‌കാരമാണ്. ബിജെപി പൊതു പണം ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.