കേരളത്തിന്റെ ആരോഗ്യമേഖലയിൽ പതിനായിരം കോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയതെന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചേർത്തല താലൂക്ക് ആശുപത്രിക്കായി 84 കോടി ചെലവഴിച്ച് അത്യാധുനിക കെട്ടിടമാണ് സർക്കാർ നിർമ്മിച്ചിരിക്കുന്നത്. കേവലം കെട്ടിടങ്ങൾ നിർമ്മിക്കുക മാത്രമല്ല, അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ കൂടി സജ്ജമാക്കി സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനോടൊപ്പം ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആർദ്രം മിഷനിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 115 താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിൽ അതിമനോഹരമായ കെട്ടിടങ്ങൾ യാഥാർത്ഥ്യമായിക്കഴിഞ്ഞു. പഞ്ചായത്ത് തലത്തിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിക്കൊണ്ട് താഴെത്തട്ടിൽവരെ ലാബ് സൗകര്യങ്ങളും കാൻസർ സ്ക്രീനിംഗ് ഉൾപ്പെടെയുള്ള ചികിത്സാ സംവിധാനങ്ങളും ഉറപ്പുവരുത്തി.
മുമ്പ് വെറും 10 ആശുപത്രികളിൽ മാത്രമുണ്ടായിരുന്ന ഡയാലിസിസ് സൗകര്യം ഇന്ന് 128 ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചു. ഇൻഷുറൻസ് പരിരക്ഷ 30,000 രൂപയിൽ നിന്നും അഞ്ചു ലക്ഷമായി ഉയർത്തിയതോടെ 42 ലക്ഷം കുടുംബങ്ങൾ ഇന്ന് ഇതിന്റെ ഗുണഭോക്താക്കളാണ്. നിപ്പ, അമീബിക് മസ്തിഷ്ക ജ്വരം തുടങ്ങിയ മാരക രോഗങ്ങളുടെ മരണനിരക്ക് ആഗോള ശരാശരിയേക്കാൾ താഴെ കൊണ്ടുവരാൻ കേരളത്തിന് സാധിച്ചത് നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ മികവാണെന്നും ഇത്തരത്തിൽ കേരളം കൈവരിക്കുന്ന നേട്ടങ്ങളെ അധിക്ഷേപിക്കാനുള്ള വ്യാജ പ്രചരണങ്ങൾ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനായി. ആശുപത്രി അങ്കണത്തിൽ പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പത്ത് വർഷത്തിനിടയിൽ ആലപ്പുഴ ജില്ലയിലെ ആരോഗ്യമേഖലയിൽ 1000 കോടിയിലധികം രൂപയുടെ വികസനം നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചേർത്തല മണ്ഡലത്തിൽ മാത്രം കിഫ്ബി വഴി 145 കോടി രൂപയുടെയും മൊത്തത്തിൽ 307 കോടി രൂപയുടെയും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. ഇത് അഭിമാനകരമായ നേട്ടമാണ്. ആശുപത്രികളെ കേവലം ചികിത്സാ കേന്ദ്രം എന്നതിലുപരി പ്രതീക്ഷയുടെ ഇടമായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ചേർത്തല താലൂക്ക് ആശുപത്രിയിൽ മികച്ച പൂന്തോട്ടവും പാർക്കും ഒരുക്കുമെന്നും ജീവനക്കാരുടെ രോഗികളോടുള്ള സമീപനം കൂടുതൽ ഊഷ്മളമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ തിയേറ്റർ, മോർച്ചറി, വൈദ്യുതി കണക്ഷൻ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പൂർണ്ണതോതിൽ ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ മികച്ച സേവനത്തിന് സർജറി വിഭാഗത്തിലെ ഡോക്ടർ എസ്. മുനീർ, ആശുപത്രിയുടെ വികസന കാര്യങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവച്ച പിആർഒ സനി മാത്യു എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
കിഫ്‌ബിയിൽ നിന്ന് അനുവദിച്ച 84.98 കോടി രൂപ ചെലവിലാണ് ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമിച്ചത്. ആറ് നിലകളിലായി സജ്ജമാക്കിയ കെട്ടിടം അത്യാധുനിക സൗകര്യങ്ങളോടെ 12375 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് പൂർത്തിയാക്കിയത്. 14 കിടക്കകളുള്ള അത്യാഹിത വിഭാഗം, ട്രിയേജ് സിസ്റ്റം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ എന്നിവ താഴത്തെ നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്. മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങി 13 വിഭാഗങ്ങളിലായി ഒപി യൂണിറ്റുകളും, അത്യാധുനിക ലാബ്, ബ്ലഡ് സ്റ്റോറേജ് യൂണിറ്റ്, റേഡിയോളജി ഡിപ്പാർട്ട്‌മെന്റ്, ഫാർമസി, ഓഡിയോളജി സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
രണ്ടും മൂന്നും നിലകളിൽ ഐപി വാർഡുകളും, നാലാം നിലയിൽ പോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി യൂണിറ്റുകളും, അഞ്ചാം നിലയിൽ അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സും സജ്ജീകരിച്ചിട്ടുണ്ട്. ആകെ 270 ബെഡുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള പുതിയ മന്ദിരത്തിൽ അധിക സൗകര്യങ്ങളായി ആധുനിക അണുനശീകരണ യൂണിറ്റ്, ഐസൊലേഷൻ വാർഡ്, രോഗികൾക്കും ജീവനക്കാർക്കും പ്രത്യേകം ലിഫ്റ്റുകൾ, എച്ച്. ടി കണക്ഷൻ, വൈദ്യുതി തടസ്സം നേരിടാതിരിക്കാൻ 625 കെവി ഡിജി സെറ്റ്, എമർജൻസി യുപിഎസ് സിസ്റ്റം, 100 കെവി സോളാർ സിസ്റ്റം, സിസിടിവി, ഫയർ അലാറം സിസ്റ്റം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ കപ്പാസിറ്റിയിലുള്ള യുജി ടാങ്കുകളും ഒരു ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള ഓവർഹെഡ് ടാങ്കുകളുമുണ്ട്. മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. ദേശീയപാത 66 ന് സമീപമുള്ള ചേർത്തല താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ കയർ, നെയ്ത്, മത്സ്യബന്ധനം, കൃഷി മേഖലകളിലെ തൊഴിലാളികളായ സാധാരണ ജനങ്ങളാണ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. പ്രതിദിനം 1000 മുതൽ 1500 വരെ ഒപി രോഗികളും, 300 മുതൽ 400 വരെ കാഷ്വാലിറ്റി രോഗികളും ഇവിടെ ചികിത്സയ്ക്കായി എത്തുന്നു. 1907 ൽ പ്രവർത്തനമാരംഭിച്ച ചേർത്തല താലൂക്ക് ആശുപത്രി 2012 ൽ ഇന്ത്യയിൽ എൻഎബിച്ച് അംഗീകാരം ലഭിച്ച ആദ്യ സർക്കാർ താലൂക്ക് ആശുപത്രിയാണ്.
