കൈത്തറി മേഖലയിലെ പ്രതിസന്ധികൾ മറികടക്കാൻ വിദഗ്ധ സമിതിയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. കൈത്തറി തൊഴിലാളികൾക്കുള്ള കണ്ണട വിതരണവും ഇലക്ട്രോണിക് ജക്കാർഡ് വിതരണവും തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്‌കൂൾ യൂണിഫോം പദ്ധതിയാണ് നിലവിൽ കൈത്തറി മേഖലയെ പ്രധാനമായും നിലനിർത്തുന്നത്. എന്നാൽ നെയ്ത്തുകാർ യൂണിഫോം നിർമ്മാണത്തിൽ മാത്രം ഒതുങ്ങിപ്പോകാതിരിക്കാൻ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി പുതുതലമുറയെ ആകർഷിക്കുന്ന ഡിസൈനിലുള്ള വസ്ത്രങ്ങൾ ഹാൻടെക്‌സും ഹാൻവീവും വിപണിയിലെത്തിക്കുന്നുണ്ട്. ഇതിനുപുറമെ, സീസണിൽ തന്നെ വിലവർദ്ധനവില്ലാതെ നൂൽ സംഭരിക്കുന്നതിനായി സർക്കാർ നേരിട്ട് റിവോൾവിങ് ഫണ്ട് സ്‌കീം ഏർപ്പെടുത്തിയതും മേഖലയ്ക്ക് കരുത്തായി മാറിയെന്ന് മന്ത്രി പറഞ്ഞു.
ഹാൻടെക്‌സിന്റെ കാലങ്ങളായുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ ഇതുവരെയായി 24 കോടി രൂപയുടെ സാമ്പത്തിക സഹായം സർക്കാർ അനുവദിച്ചു. ഇതിൽ 10 കോടി രൂപയുടെ ചെക്ക് ചടങ്ങിൽ മന്ത്രി കൈമാറി.
എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് 773 കൈത്തറി തൊഴിലാളികൾക്കുള്ള കണ്ണടകളുടെ വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചു. തൊഴിലാളികൾക്ക് കൂടുതൽ സൂക്ഷ്മതയോടെ ജോലി ചെയ്യാനും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം കൂട്ടാനും ഇത് സഹായകമാകട്ടെ എന്ന് മന്ത്രി ആശംസിച്ചു. അതോടൊപ്പം ജില്ലയിലെ ഒരു കൈത്തറി സഹകരണ സംഘത്തിന് പുതിയ ഇലക്ട്രോണിക് ജക്കാർഡ് ഉപകരണവും മന്ത്രി കൈമാറി. കൈത്തറി മേഖലകളിലെ സ്ഥാപനങ്ങളുടെ വികസനത്തിന് ജീവനക്കാർ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീയദർശിനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈത്തറി വസ്ത്ര ഡയറക്ടർ ഡോ. കെ.എസ്. കൃപകുമാർ സ്വാഗതം ആശംസിച്ചു. എച്ച് എൽ എൽ ലൈഫ് കെയർ ലിമിറ്റഡ് ജനറൽ മാനേജർ അനൂപ് ആർ, സീനിയർ മാനേജർ രാധാകൃഷ്ണൻ നായർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ് ആർ, വിവിധ തൊഴിലാളി സംഘടനാ ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.
