പെരുമ്പാവൂർ നിയമസഭാ സീറ്റ് നിഷേധിക്കപ്പെട്ടെന്ന വാർത്തകളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഡൽഹിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷമായി മണ്ഡലത്തിൽ താൻ നടത്തിയ കഠിനാധ്വാനവും വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കറിയാമെന്നും, അസാധ്യമായ പല കാര്യങ്ങളും പെരുമ്പാവൂരിൽ നടപ്പിലാക്കാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സീറ്റ് ലഭിക്കുകയാണെങ്കിൽ 15,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പങ്കുവെച്ചു. “നേതൃത്വത്തിൽ എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്. എന്നാൽ എനിക്ക് സീറ്റ് നിഷേധിക്കാനുണ്ടായ അയോഗ്യത എന്താണെന്ന് അവർ പരിശോധിക്കണം,” എൽദോസ് ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവർത്തകരുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും, അവരുടെ താൽപ്പര്യം വിഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന് കരുതുന്നതായും മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു.