സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ കെസി വേണുഗോപാല്‍ വിഭാഗത്തിന് നേട്ടം. മത്സരിക്കുന്നവരില്‍ ഭൂരിഭാഗം പേരും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്. ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ കോണ്‍ഗ്രസിലെ അധികാര സമവാക്യം മാറിയതോടെ ഭൂരിഭാഗം എ വിഭാഗം നേതാക്കളും കെസിയ്‌ക്കൊപ്പമാണ്. പഴയ ഐ ഗ്രൂപ്പുകാരും വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്.

സ്ഥാനാര്‍ഥികളുടെ അംഗബലത്തില്‍ രണ്ടാം സ്ഥാനത്ത് എ ഗ്രൂപ്പാണ്. 21 പേരാണ് എ ഗ്രൂപ്പില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍. വിശാല ഐ ഗ്രൂപ്പ് ശോഷിച്ചതോടെ ചെന്നിത്തല അനുയായികളായ 16 പേര്‍ പട്ടികയില്‍ ഇടംപിടിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിശ്വസ്തരായ എട്ടുപേരും കൈപ്പത്തി ചിഹ്നത്തില്‍ ജനവിധി തേടുന്നു. തൃശൂര്‍ ജില്ലയിലാണ് കെസി വേണുഗോപാലിനോട് അടുപ്പമുള്ളവര്‍ ഏറ്റവും കൂടുതല്‍ മത്സരിക്കുന്നത്.

ഇതില്‍ മൂന്നും കോണ്‍ഗ്രസിന്റെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്നവയാണ്. കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ കെസി ഗ്രൂപ്പിലെ മൂന്ന് വീതം സ്ഥാനാര്‍ഥികള്‍ ആണ് മത്സര രംഗത്തുള്ളത്. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ രണ്ടുവീതം പേരാണ് ജനവിധി തേടുന്നത്. എറണാകുളം ജില്ലയില്‍ കെസിയെ പിന്തുണയ്ക്കുന്നത് ഒരേ ഓരാള്‍ മാത്രമാണ്.

പഴയ എ ഗ്രൂപ്പിലെ നേതാക്കളായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ്, ബെന്നി ബെഹനാന്‍ എന്നിവരുടെ ഇടപെടലാണ് ഒപ്പംനിന്നവരില്‍ പലര്‍ക്കും സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ ഇടയായത്. എറണാകുളം ജില്ലയിലാണ് എ ഗ്രൂപ്പിന് ഏറ്റവും അധികം പ്രാതിനിധ്യം ലഭിച്ചത്. അഞ്ച് എ ഗ്രൂപ്പുകാരാണ് ഇവിടെ ജനവിധി തേടുന്നത്. തിരുവനന്തപുരത്തും തൃശൂരിലും മൂന്ന് വീതം എ ഗ്രൂപ്പുകാരാണ് മത്സരിക്കുന്നത്. കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ രണ്ട് എ ഗ്രൂപ്പുകാര്‍ മത്സരിക്കുന്നു. കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ എ ഗ്രൂപ്പിലെ ഓരോ അംഗങ്ങള്‍ ജനവിധി തേടുന്നു.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തരില്‍ പലര്‍ക്കും ഇത്തവണ സീറ്റ് ലഭിച്ചില്ല. ജോസഫ് വാഴക്കന്‍, ബാബു പ്രസാദ്, എന്‍ സുബ്രമണ്യം തുടങ്ങി പലരെയും അവസാനനിമിഷം പട്ടികയില്‍ നിന്ന് ഒഴിവാക്കി. ചെന്നിത്തല അനകൂലികളായ പതിനാറുപേരാണ് മത്സരരംഗത്ത്. വയനാട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് രണ്ടുവീതം പേര്‍ മത്സരിക്കുന്നത്. കാസര്‍കോട് കണ്ണൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ ഓരോ സീറ്റില്‍ മത്സരിക്കുന്നു.

വിഡി സതീശനോട് ഒപ്പം ഉറച്ച് നില്‍ക്കുന്ന എട്ട് പേരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനം പിടിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ വി.ഡി. സതീശന്‍ ഗ്രൂപ്പില്‍പ്പെട്ട രണ്ട് പേര് വീതമാണ് മത്സരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഒരു ഗ്രൂപ്പിലും ഉള്‍പ്പെടാത്ത 9 പേരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളത്. എംപിമാര്‍ക്ക് സീറ്റ് നിഷേധിച്ചുവെങ്കിലും പല എംപിമാരും പറഞ്ഞ പേരുകള്‍ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.