അതീവ പ്രാധാന്യമുള്ള രാഷ്ട്രീയ പോരാട്ടത്തിന് കേരളം തയ്യാറെടുക്കുകയാണെന്ന് എ വിജയരാഘവൻ പറഞ്ഞു. ഏറ്റവും പാവപ്പെട്ടവർക്കും സാധാരണക്കാരനും ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തിയ സംസ്ഥാനമാണ് കേരളമെന്നും, ഇന്ത്യയിൽ ആദ്യമായി വയോജന നിയമം പാസാക്കിയതും കേരളമാണെന്നും എൽഡിഎഫ് കഴക്കൂട്ടം മണ്ഡലം കൺവെൻഷനിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ രംഗത്തെ പുനക്രമീകരണത്തിലൂടെ 55,000 ഡിജിറ്റൽ ക്ലാസ് റൂമുകൾ സൃഷ്ടിക്കാനും തൊഴിൽപരിശീലനങ്ങളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും സർക്കാരിന് കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാളത്തെ കേരളം എങ്ങനെയാകണം എന്നതിൽ വ്യക്തമായ കാഴ്ചപ്പാട് സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, അതിന് പ്രാപ്തമാക്കുന്നത് ഇടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ വിവിധ പ്രശ്നങ്ങളെ അതിജീവിക്കാൻ രൂപപ്പെടുത്തിയ ഭരണമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വ്യാപനം എന്നിവയിൽ കേരളം മുന്നേറിയതായി അദ്ദേഹം വിലയിരുത്തി. ആരോഗ്യ രംഗത്തും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും, സർക്കാർ ആശുപത്രികൾ എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീടില്ലാത്തവരെ സംരക്ഷിക്കുന്ന പദ്ധതികളുടെ ഭാഗമായി ലക്ഷക്കണക്കിന് ആളുകൾക്ക് വീടുകൾ നൽകിയതായും, സാമൂഹ്യ സുരക്ഷാ പെൻഷൻ 650 രൂപയിൽ നിന്ന് 2000 രൂപയായി ഉയർത്തിയതും ഈ സർക്കാരിന്റെ നേട്ടമാണെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.

മതപരമായ വിഭജന രാഷ്ട്രീയത്തെ കേരളം ശക്തമായി പ്രതിരോധിച്ചുവരികയാണെന്നും, 1957-ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപപ്പെടുത്തിയ പാരമ്പര്യത്തിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഭരണകൂടമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രചരിപ്പിക്കുന്ന തെറ്റായ വിവരങ്ങളെ ജനങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.