കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. കാസര്‍കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കോഴിക്കോട് മേഖലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് വിട്ടുനില്‍ക്കുകയാണ്.ജില്ലാ പ്രസിഡന്റായിരുന്ന എം എല്‍ അശ്വിനിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭിന്നത രൂക്ഷമായത്.കെ ശ്രീകാന്തിന്റെ പേരും കാസര്‍കോട് മണ്ഡലത്തില്‍ പരിഗണനയിലുണ്ടായിരുന്നു.
മണ്ഡലത്തിന്റെ ഇന്‍ ചാര്‍ജ് ചുമതല ഉണ്ടായിട്ടും പരിപാടികള്‍ അറിയിക്കുന്നില്ല എന്നാണ് ശ്രീകാന്തിന്റെ പരാതി. സംസ്ഥാന നേതൃത്വത്തെ ശ്രീകാന്ത് അതൃപ്തി അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ അശ്വിനിയെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു.
അശ്വിനിക്ക് സീറ്റ് നൽകരുതെന്നും മഞ്ചേശ്വരം മണ്ഡലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ജില്ലാ പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണെന്നുമായിരുന്നു വിമർശനം. ജനസമ്മതനായ നേതാക്കളെ പരിഗണിക്കണമെന്ന് ബിജെപി മേഖല വൈസ് പ്രസിഡന്റ് വിജയ കുമാർ റൈ ആവശ്യപ്പെട്ടിരുന്നു.
2020 മുതൽ 2025 വരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന അശ്വിനി 2025 ജനുവരിയിലാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റായത്.2011 മുതൽ മൂന്നു തവണ കെ സുരേന്ദ്രൻ മത്സരിച്ച് തോറ്റ മണ്ഡലത്തിൽ ഇത്തവണ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കഴിഞ്ഞ തവണ നേരിയ വോട്ടിനാണ് ബിജെപി മണ്ഡലത്തിൽ തോറ്റത്
