രണ്ട് തെരഞ്ഞെടുപ്പുകളില്‍ വോട്ടിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആര്‍എസ്എസ് നേതാക്കളെ സമീപിച്ചിരുന്നുവെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ആര് വി ബാബു. 2001ലെയും 2006ലെയും തെരഞ്ഞെടുപ്പുകളിലാണ് വി ഡി സതീശന് ആര്‍എസ്എസ് നേതാക്കളെ സമീപിച്ചത്. 1996ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സതീശന് തോല്‍ക്കുകയാണ് ചെയ്തത്.
2001ല്‍ വിജയിക്കുക എന്ന ലക്ഷ്യംവെച്ചാണ് സതീശന് ആര്‍എസ്എസ് നേതാക്കളെ കണ്ടത്. അന്ന് കോണ്‍ഗ്രസിന് ആര്‍എസ്എസിനോട് ഇന്നുകാണുന്ന വിരോധമുണ്ടായിരുന്നില്ലെന്നും ആര് വി ബാബു പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ഡിബേറ്റ് വിത്ത് മാതു സജി'യില്‍ ആയിരുന്നു ആര് വി ബാബുവിന്റെ പ്രതികരണം.
2006ല്‍ ഗോള്‍വാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ സതീശന് പങ്കെടുത്ത ചിത്രമാണ് മുഖ്യമന്ത്രി ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്നും മുന്‍പ് ഈ ചിത്രവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും ആർ വി ബാബു പറഞ്ഞു. അന്ന് അങ്ങനെയൊരു പരിപാടിയില്‍ പങ്കെടുത്തില്ല എന്നുപറഞ്ഞ് അതിനെ പരിപൂര്‍ണമായി നിരാകരിക്കുകയാണ് സതീശന് ചെയ്തതെന്നും ആര് വി ബാബു ചൂണ്ടിക്കാട്ടി.
2006ല്‍ ആ പരിപാടിയില്‍ പങ്കെടുത്ത പലരും ഇന്ന് ജീവിച്ചിരിപ്പുണ്ട്. പ്രമുഖ പത്ര പ്രവര്ത്തകന് പി രാജന്, പതിനാറ് വര്‍ഷത്തോളം ആര്‍എസ്എസ് പ്രചാരക് ആയി പ്രവര്‍ത്തിച്ചിട്ടുള്ള തന്റെ സഹോദരന് കൂടിയായ ആര് വി ജയകുമാര്‍ അടക്കം ആ പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ഗോള്‍വാൾക്കറുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് 'മതഭീകരവാദവും മുന്നണി രാഷ്ട്രീയവും' എന്ന പേരില്‍ സെമിനാറും സംഘടിപ്പിച്ചിരുന്നു. ആ ചിത്രം സതീശന് നിരാകരിച്ചാല്‍ പിന്നെ എന്താണ് നിരാകരിക്കാന്‍ പറ്റാത്തതെന്ന് ആര് വി ബാബു ചോദിച്ചു. അത് ഫേക്ക് ചിത്രമാണെങ്കില്‍ തനിക്കെതിരെ പരാതി നല്‍കണമായിരുന്നു. താന്‍ സതീശനെ വെല്ലുവിളിച്ചതാണ്. സതീശന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും ആര് വി ബാബു കൂട്ടിച്ചേര്‍ത്തു.
