എന്തുകൊണ്ട് എൽഡിഎഫ് എന്ന ചോദ്യമുയർന്നാൽ ജനങ്ങളുടെ മനസ്സിൽ വരുന്നത് പത്ത് വർഷം മുൻപുണ്ടായിരുന്ന കേരളവും ഇന്നത്തെ പുരോഗതിയാർജിച്ച കേരളവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വടക്കാഞ്ചേരിയിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഇനിയും മുന്നോട്ട് പോകണമെന്നതാണ് ജനങ്ങളുടെ പൊതുവായ വികാരമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർഭരണം ലഭിച്ചതിനാലാണ് സംസ്ഥാനത്തിന് അതിദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിയും കോൺഗ്രസും ആഗോളവത്കരണ നയങ്ങൾ പിന്തുടരുന്നുവെന്നും, കോർപ്പറേറ്റുകൾക്ക് അനുകൂലമായ സമീപനമാണ് അവരുടേതെന്നും അദ്ദേഹം വിമർശിച്ചു. ഈ നയങ്ങൾ സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ദരിദ്രരെ പിന്നാക്കത്തിലാക്കുകയും ചെയ്യുന്നതായും ആരോപിച്ചു.

അതേസമയം എൽഡിഎഫ് പിന്തുടരുന്ന ബദൽ നയത്തിൽ സാധാരണ ജനങ്ങൾക്ക് മുൻഗണന നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. ഇത്തരത്തിലുള്ള നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് പോലും ചിന്തിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“എൽഡിഎഫ് അല്ലെങ്കിൽ ഇത് സാധ്യമല്ല” എന്നതാണ് ജനങ്ങളുടെ പ്രതികരണമെന്നുമദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച പൊതുവിദ്യാഭ്യാസ സംവിധാനം കേരളത്തിലാണെന്നും, അത് NITI Aayog അംഗീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടാതെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് 6000 കോടി രൂപ നിക്ഷേപിച്ചതിലൂടെ ശ്രദ്ധേയമായ മാറ്റങ്ങൾ കൈവരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.