സംസ്ഥാനത്തിൻ്റെ വികസന കാര്യങ്ങളിൽ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി. സർക്കാരിൻ്റെ കഴിഞ്ഞ 10 വർഷത്തെ പ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. നേട്ടങ്ങൾ മുൻനിർത്തി സംവാദമാകാമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരിട്ടുള്ള സംവാദത്തിന് മുഖ്യമന്ത്രി തയാറാകുമോ എന്ന ചോദ്യം നിലനിൽക്കുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള പ്രതികരണം.
ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സംവിധാനങ്ങളും പൂർണസജ്ജമാക്കിയിട്ടുണ്ടെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തുടനീളം മികച്ച രീതിയിൽ നടക്കുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് അവൾക്കൊപ്പം എന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്നും കുറിപ്പിൽ പറയുന്നു. അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ കുതിച്ചുചാട്ടമാണുണ്ടായത്.
ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം തുറമുഖം, ഇടമൺ-കൊച്ചി പവർ ഹൈവേ തുടങ്ങിയ വൻകിട പദ്ധതികൾ യാഥാർഥ്യമാക്കാൻ സർക്കാരിന് സാധിച്ചുവെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. ഈ നേട്ടങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷത്തോട് സംവാദത്തിന് തയാറാണോ എന്ന് മുഖ്യമന്ത്രി ചോദിക്കുന്നത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയും വികസന മുരടിപ്പും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യ സംവാദത്തിന് മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചത്. എന്നാൽ സർക്കാരിൻ്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.
