മാധ്യമങ്ങളുടെ പ്രചാരണങ്ങളെ ചെറുക്കാനുള്ള ഏറ്റവും ശക്തമായ ആയുധം സാധാരണ ജനങ്ങളുടെ ഇടപെടലും സംസാരവുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷം വീണ്ടും വലിയ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാറശ്ശാല മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യധാരാ മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവ ഇടതുപക്ഷത്തിനെതിരെ വ്യാപകമായി വാർത്തകൾ പ്രചരിപ്പിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ഓരോ സാധാരണക്കാരനും മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വന്ന സർവേ ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നില്ലെന്നും, എങ്കിലും ജനവിധി മറിച്ചായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “ഒരു സർവേയും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് പ്രവചിച്ചില്ല. എന്നാൽ ജനങ്ങൾ വീണ്ടും ഇടതു സർക്കാരിനെ തന്നെ തിരഞ്ഞെടുത്തു. ഈ തവണ സർവേ ഫലങ്ങൾ പോലും ചെറിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സൂചിപ്പിക്കുന്നു. അതിനർത്ഥം കേരളത്തിൽ വൻ വിജയം ഉറപ്പാണ്,” എന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.