ഹരിയാനയിലെ കോൺഗ്രസുമായി ബന്ധപ്പെട്ട സീറ്റ് കോഴ വിവാദത്തിൽ പുതിയ വഴിത്തിരിവ്. മഹിളാ കോൺഗ്രസ് മുൻ നേതാവ് സുചിത്രയോടൊപ്പമുള്ള ചിത്രം മോർഫ് ചെയ്തതാണെന്ന എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വാദം ചോദ്യം ചെയ്യപ്പെടുന്ന തെളിവുകൾ പുറത്തുവന്നു.
സുചിത്രയും കെ സി വേണുഗോപാലും നേരിൽ കൂടിക്കാഴ്ച നടത്തി ചിത്രം എടുത്തതാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 2025 ഒക്ടോബർ 18നാണ് ഈ ചിത്രം എടുത്തതെന്നും, ദില്ലിയിലെ വേണുഗോപാലിന്റെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും സുചിത്രയുടെ ഭർത്താവും പരാതിക്കാരനുമായ ഗൗരവ് കുമാർ അറിയിച്ചു. ഐഫോൺ 14 ഉപയോഗിച്ച് ഉച്ചയ്ക്ക് 2.43ന് ചിത്രം പകർത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഈ കൂടിക്കാഴ്ചയ്ക്കിടയിൽ സുചിത്രയ്ക്ക് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകാമെന്ന് ഉറപ്പ് നൽകിയതായും ഗൗരവ് കുമാർ ആരോപിച്ചു.
സീറ്റ് കോഴ വിവാദം പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് കെ സി വേണുഗോപാൽ നൽകിയ കേസിനെ നിയമപരമായി നേരിടുമെന്ന് ഗൗരവ് കുമാർ പറഞ്ഞു. താൻ ഉന്നയിച്ചിരിക്കുന്നത് വസ്തുതകളാണെന്നും അതിന് ആവശ്യമായ രേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉന്നയിക്കുന്നുവെന്ന വേണുഗോപാലിന്റെ വാദവും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
