പിവി അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചെന്ന് പിവി അൻവർ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു യുഡിഎഫിനോടൊപ്പം നിലയുറപ്പിക്കുന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് അൻവറിന്റെയും കൂടെ നിൽക്കുന്നവരുടെയും തീരുമാനം.
മെയ് 15നുള്ളിൽ പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകുമെന്നും തൃണമൂൽ കോൺഗ്രസുമായി ഇനി ഒരു ബന്ധവുമില്ലെന്നും അൻവർ പറഞ്ഞു. 'ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എറണാകുളം കളമശ്ശേരി സീ പാർക്ക് ഹോട്ടലിൽ ചേർന്നു.
ദേശീയ രാഷ്ട്രീയത്തിൽ ഉരുത്തിരിയുന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത്,തൃണമൂൽ കോൺഗ്രസ് എന്ന നിലയിൽ മുന്നോട്ടുപോകേണ്ടതില്ല എന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.ഇതോടുകൂടി ഓൾ ഇന്ത്യ കോൺഗ്രസിന്റെ സംസ്ഥാന കൺവീനർ എന്ന സ്ഥാനം ഞാൻ രാജിവെക്കുന്നതായും,തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായും അറിയിക്കുന്നു.
സംസ്ഥാനത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മതേതര - ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സംസ്ഥാന പാർട്ടിക്ക് രൂപം നൽകാനും,ദേശീയതലത്തിൽ രാഹുൽ ഗാന്ധിയും,ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോട് സമരസപ്പെടുന്ന ആശയ ഘടനയുള്ള പുതിയ സംവിധാനം മെയ് രണ്ടാം വാരത്തോടുകൂടി പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനും മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പിന്തുണയോടെ തീരുമാനിച്ച വിവരം അറിയിക്കുന്നു.
