സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതി യോഗവും നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗങ്ങളിൽ പ്രധാന ചർച്ചയാകും.
തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടർന്ന് താഴെത്തട്ടിൽ നിന്നുള്ള സംഘടനാ പരിശോധന നടത്താൻ കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. അതിന്റെ തുടർപ്രവർത്തനങ്ങൾക്കും ഇന്നത്തെ യോഗം രൂപം നൽകും.
പ്രതിപക്ഷ നേതൃസ്ഥാനത്ത് ആര് എത്തുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന വിഷയം. കാവൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനമേറ്റെടുക്കുമോയെന്ന കാര്യത്തിൽ പാർട്ടിക്കുള്ളിലും രാഷ്ട്രീയ വൃത്തങ്ങളിലും വ്യാപക ചർച്ചകൾ പുരോഗമിക്കുകയാണ്.
