മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ച സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. കുട്ടികളുടെ വേർപാട് കുടുംബങ്ങൾക്കും നാടിനും തീരാനഷ്ടമാണെന്നും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണുകയും സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

മങ്കട പന്തല്ലൂർ മലയിൽ വ്യൂ പോയിന്റ് കാണാനെത്തിയ ഏഴംഗ വിദ്യാർത്ഥി സംഘത്തിലെ നാല് പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. പുതുക്കുടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.

റോഷൻ (20), ഇഷ്‌ഹാത് (19), സൽമാനുൽ ഫാരിസ് (21) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരും പരുക്കേറ്റവരും എല്ലാവരും വെള്ളില സ്വദേശികളാണ്.