എറണാകുളം ജില്ലയിലെ പാരിയത്ത് കാവിൽ നടന്ന കുടിയൊഴിപ്പിക്കൽ നടപടി “കർണാടക മോഡൽ” ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. ജനങ്ങൾക്കൊപ്പം ചേർന്ന് ശക്തമായ പ്രതിരോധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പോലീസ് ബലം പ്രയോഗിച്ചാണ് ഒഴിപ്പിക്കൽ ശ്രമം നടന്നതെന്നും, അതിനെതിരെ വലിയ ജനകീയ ചെറുത്തുനിൽപ്പ് ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിനടുത്ത് നടന്ന സംഭവങ്ങളെപ്പോലെ വലിയ തോതിലുള്ള കടന്നുകയറ്റമാണ് എറണാകുളത്തും നടക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
“ജനങ്ങൾ ശക്തമായി പ്രതിരോധിക്കും. ശക്തമായ ജനകീയ പ്രക്ഷോഭം മുന്നോട്ടുവരും. സിപിഐഎം ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകും,” അദ്ദേഹം പറഞ്ഞു.
അതേസമയം, കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടും എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. പദ്ധതി നേരത്തെ തന്നെ മുടങ്ങിയ നിലയിലായിരുന്നുവെന്നും, കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാർട്ടികൾ അന്നേ പദ്ധതി ശക്തമായി എതിർത്തിരുന്നുവെന്നും, കേരളത്തിന്റെ അടുത്ത 25 വർഷത്തെ വളർച്ച മുന്നിൽകണ്ട് രൂപകൽപ്പന ചെയ്ത വികസന പദ്ധതിയാണ് ഇപ്പോൾ നിലച്ചുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
