കേന്ദ്ര സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി കോക്ക്റോച്ച് ജനത പാർട്ടി രംഗത്ത്. യുവാക്കളെ ബാധിക്കുന്ന നീറുന്ന പ്രശ്നങ്ങളിൽ സർക്കാരിന്റെ മൗനത്തെ ചോദ്യം ചെയ്തുകൊണ്ട് പുതിയ സമരമുറകൾക്ക് രൂപം നൽകുമെന്ന് പാർട്ടി പുറത്തിറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നു.

നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയിൽ ഊന്നിയാകും പ്രചാരണം. പാർട്ടിയുടെ ശബ്ദം അടിച്ചമർത്താനുള്ള നീക്കങ്ങളെ മറികടക്കാൻ സ്വതന്ത്ര യുവജന പ്രക്ഷോഭം സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കും.

സർക്കാരിന്റെ ‘ധാർഷ്ട്യത്തെ’ തുറന്നുകാട്ടുകയാണ് ലക്ഷ്യം. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയായി മാറാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്ന ‘തിരുത്തൽ ശക്തിയായി’ തുടരുമെന്നും സിജെപി വ്യക്തമാക്കി.

സിജെപിക്ക് പിന്നിൽ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടില്ല. വിഷയത്തെ വികാരപരമായി കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്നും അത് സാധാരണ നടപടിക്രമങ്ങളിലൂടെ യഥാസമയം പരിഗണിക്കാമെന്നും കോടതി അറിയിച്ചു.