രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ആഗോള യുദ്ധസാഹചര്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അതിൽ ഫലപ്രദമായി ഇടപെടുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
ഡീസലിന്റെയും പെട്രോളിന്റെയും വില തുടർച്ചയായി ഉയരുകയാണെന്നും, കേന്ദ്രസർക്കാർ പൂർണ പരാജയമാണെന്നും പിണറായി വിജയൻ പറഞ്ഞു. “രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് മുന്നിൽ മോദി സർക്കാർ അടിയറവ് വെച്ചു,” എന്നും അദ്ദേഹം വിമർശിച്ചു.
പരാജയത്തിന് പിന്നാലെ ഇടതുപക്ഷം ഇല്ലാതായെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും, എന്നാൽ അത്തരത്തിൽ ആരും ആഹ്ലാദിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “പരാജയം എല്ലാത്തിന്റെയും അവസാനമല്ല. എ.കെ. ആന്റണി അധികാരത്തിലെത്തിയ സമയത്തും ഇനി ഇടതുപക്ഷം ജയിക്കില്ലെന്ന പ്രചാരണം ഉണ്ടായിരുന്നുവെന്ന് ഓർക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ ജനങ്ങൾ എന്തുകൊണ്ടാണ് ഇടതുപക്ഷത്തെ മാറ്റിനിർത്തിയതെന്ന് വിശദമായി പരിശോധിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തിന് ഗുണകരമായ സർക്കാർ നിലപാടുകൾക്ക് പ്രതിപക്ഷമായി പിന്തുണ നൽകുമെന്നും, ജനവിരുദ്ധ നടപടികൾക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
