സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ കടുത്ത പ്രതിസന്ധിയിൽ. പദ്ധതി തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇതിന്റെ കൃത്യമായ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. ജൂൺ 15 മുതൽ പദ്ധതി പ്രബല്യത്തിൽ വരുമെന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കുകയാണെങ്കിൽ പ്രതിമാസം 112 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി സർക്കാരിന് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ആനുകൂല്യം ഓർഡിനറി ബസുകളിലേക്ക് മാത്രമായി ചുരുക്കണോ, അതോ ദീർഘദൂര ബസുകളെക്കൂടി ഉൾപ്പെടുത്തണോ എന്ന കാര്യത്തിൽ ധന-ഗതാഗത വകുപ്പുകൾക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്.

വിനോദസഞ്ചാരം, തീർത്ഥാടനം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സ്ത്രീകളുടെ കെ.എസ്.ആർ.ടി.സി യാത്ര സൗജന്യമാക്കുമെന്നായിരുന്നു യു.ഡി.എഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാൽ നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കെ.എസ്.ആർ.ടി.സിയുടെ റിപ്പോർട്ടും കണക്കിലെടുക്കുമ്പോൾ ഈ പ്രഖ്യാപനം അതേപടി നടപ്പാക്കുക അസാധ്യമാണെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.

പ്രഖ്യാപിച്ച തീയതിയായ ജൂൺ 15-നകം പദ്ധതി പ്രായോഗികമാക്കാൻ സർക്കാർ ഇപ്പോൾ തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ധന, ഗതാഗത വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് തിരക്കിട്ട യോഗങ്ങൾ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.