യുഡിഎഫ് പുറത്തിറക്കിയ കേരളത്തിന്റെ പത്തുവർഷത്തെ സാമ്പത്തിക ധവളപത്രം തയ്യാറാക്കിയത് കൃത്രിമബുദ്ധിയുടെ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ അത്യന്തം രഹസ്യസ്വഭാവമുള്ള രേഖകൾ പോലും എഐ പ്ലാറ്റ്‌ഫോമുകൾ വഴി വിശകലനം ചെയ്താണ് 195 പേജുള്ള ഈ റിപ്പോർട്ട് വെറും ഒരാഴ്ചകൊണ്ട് ഒപ്പിച്ചെടുത്തതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനോട് തനിക്ക് എതിർപ്പില്ലെന്നും, എന്നാൽ ഔദ്യോഗിക രഹസ്യരേഖകൾ എഐക്ക് നൽകി പബ്ലിക് ഡൊമെയ്‌നിലേക്ക് ചോർത്തിയത് സുപ്രീംകോടതിയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഡിജിറ്റൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന്റെ ലംഘനമാണെന്നും ഐസക് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തരമായി വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഐ ടൂളുകളെ അന്ധമായി ആശ്രയിച്ചതുകൊണ്ടാണ് ധവളപത്രത്തിൽ വലിയ അബദ്ധങ്ങളും വസ്തുതാവിരുദ്ധമായ കണക്കുകളും കടന്നുകൂടിയതെന്നും തോമസ് ഐസക് വ്യക്തമാക്കി. കേരളത്തിലെ വികസന ചെലവ് മറ്റ് സംസ്ഥാനങ്ങളുടെ പകുതിയേക്കാൾ കുറവായി റിപ്പോർട്ടിൽ കാണിച്ചതിനെ ഉദാഹരണമായി അദ്ദേഹം ഉയർത്തിക്കാട്ടി.

എഐ വിശകലനത്തിനായി റിസർവ് ബാങ്കിന്റെ ഡാറ്റയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന വൻതുകയൊന്നും ആർബിഐ ഡാറ്റയിൽ ഉൾപ്പെടാറില്ലെന്ന പ്രാഥമികവിവരം പോലും എഐക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. തൽഫലമായി സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള മൊത്തം കണക്കുകളും തലകീഴായി മറിയുകയും ധവളപത്രം വെറുമൊരു അബദ്ധപ്പഞ്ചാംഗമായി മാറുകയും ചെയ്തുവെന്ന് തോമസ് ഐസക് പരിഹസിച്ചു.