യുഡിഎഫ് സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്താനുള്ള നിർദേശത്തിനെതിരെ യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തരുതെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കത്തെ യുവജനങ്ങൾ ശക്തമായി എതിർക്കുന്നുണ്ടെന്നും, പെൻഷൻ പ്രായം വർധിപ്പിക്കരുത് എന്നതാണ് യൂത്ത് കോൺഗ്രസിന്റെ നിലപാടെന്നും അതിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം പെൻഷൻ പ്രായം ഉയർത്തിയ സർക്കാർ തന്നെയാണ് ഇപ്പോൾ വീണ്ടും ഇത്തരമൊരു നിർദേശം മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പുത്തൂർ സുവോളജിക്കൽ പാർക്കിനെ വനം വകുപ്പിൽ നിന്ന് സൂ വകുപ്പ് നിയന്ത്രണത്തിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്ന ധവളപത്രത്തിൽ, വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കണമെന്നും സഹകരണ മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കണമെന്നും ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
