ബി.ജെ.പി.യുമായുള്ള ആറുവർഷത്തെ ബന്ധം അവസാനിപ്പിച്ച് തമിഴ്‌നാട് മുൻ ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ. പാർട്ടി വിട്ടതിനു പിന്നാലെ തന്റെ എക്‌സ് ബയോ അദ്ദേഹം മാറ്റുകയും ‘നല്ല രാഷ്ട്രീയം തേടുന്ന ഒരു സാധാരണക്കാരൻ’ എന്നാക്കുകയും ചെയ്തു.

ഡൽഹിയിലെത്തി ബി.ജെ.പി. ഉന്നത നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അദ്ദേഹം പാർട്ടി വിടാനുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്.

അണ്ണാമലൈ ഉന്നയിച്ച പരാതികൾ പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയെങ്കിലും, അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. വളരെ സൗഹാർദപരമായ അന്തരീക്ഷത്തിലാണ് അദ്ദേഹം പാർട്ടിയിൽ നിന്ന് വേർപിരിഞ്ഞത്. പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് താൻ തുടക്കം കുറിക്കുമെന്ന് അണ്ണാമലൈ ഇതിനോടകം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെടുത്തുമെന്നും, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്ന് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.