വി.ഡി. സതീശൻ സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യു.ഡി.എഫ് സർക്കാരിന് പൂർണ്ണമായ സംഘപരിവാർ വിധേയത്വമാണെന്നും തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്നെല്ലാം സർക്കാർ അതിവേഗം പിന്നോട്ട് പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.ഐ.എം, സി.പി.ഐ മുഖപത്രങ്ങളായ ‘ദേശാഭിമാനി’, ‘ജനയുഗം’ എന്നിവയിൽ എഴുതിയ പ്രത്യേക ലേഖനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിന്റെ ഒരു മാസത്തെ ഭരണത്തെ രൂക്ഷമായി വിർശിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ, വന്യജീവി ആക്രമണം തുടങ്ങിയ ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രം മുൻ എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ ജനകീയ നയങ്ങളുടെ അടിവേരിളക്കുന്ന രേഖയാണ്.
കോൺഗ്രസിന്റെ പരമ്പരാഗത നെഹ്‌റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി.ഡി. സതീശൻ പൂർണ്ണമായി വ്യതിചലിച്ചിരിക്കുന്നു. യു.ഡി.എഫ് മുന്നോട്ടുവെക്കുന്ന ‘പുതുയുഗം’ എന്ന മുദ്രവാക്യം നാളിതുവരെ കേരളം കാത്തുസൂക്ഷിച്ച മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിന് തുരങ്കം വയ്ക്കാനുള്ള ഒന്നാണെന്ന് കഴിഞ്ഞ ഒരു മാസത്തെ ഭരണം കൊണ്ട് വ്യക്തമായിക്കഴിഞ്ഞെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയും തന്ത്രപ്രധാന ഇടങ്ങളും സംഘപരിവാറിനും സ്വകാര്യ മേഖലയ്ക്കും പണയം വെക്കാൻ അണിയറയിൽ നീക്കങ്ങൾ നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുതൽ സംഘപരിവാർ താല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുത്തു. ആർ.എസ്.എസ് പരിപാടിയിൽ വി.സിമാർ പങ്കെടുത്തിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി പരസ്യമായി പ്രഖ്യാപിച്ചതും ഇതിന്റെ തെളിവാണ്.
കേന്ദ്രത്തിന്റെ കേരള വിരുദ്ധ നയങ്ങൾക്കെതിരെ ഒരക്ഷരം പോലും മിണ്ടാൻ ഈ സർക്കാർ തയ്യാറാകുന്നില്ല. ‘പിഎം ശ്രീ’ പദ്ധതിയുടെ കാര്യത്തിലും മുൻ നിലപാടുകളിൽ നിന്ന് യു.ഡി.എഫ് സർക്കാർ പൂർണ്ണമായി വ്യതിചലിച്ച് കേന്ദ്രത്തിന് കീഴടങ്ങി. യുഡിഎഫ് വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രമെന്നും പിണറായി വിജയൻ വിമർശിച്ചു.
