വികസനം എന്നത് ജനങ്ങളോടുള്ള കരുതലും അവര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുമായിരിക്കണമെന്ന് ബജറ്റ് പ്രസംഗത്തില്‍ ഗീര്‍വാണമടിച്ച മുഖ്യമന്ത്രി വി ഡി സതീശന്, കര്‍ഷക തൊഴിലാളികളടക്കമുള്ള പാവപ്പെട്ട ജനവിഭാഗങ്ങളെ പാടേ വഞ്ചിക്കുന്ന ബജറ്റാണ് നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന് സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പനും ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
'പുതുയുഗ വികസിത കേരള'മെന്നൊക്കെയുള്ള ടാഗ്ലൈനിന്റെ മറവില്‍ സാധാരണക്കാരുടെ ജീവിതത്തെ യുഗങ്ങള്‍ക്ക് പിറകിലേക്ക് വലിച്ചെറിയാനും പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കാനും വാഗ്ദാന ലംഘനങ്ങള്‍ നടത്താനുമാണ് യു ഡി എഫ് സര്‍ക്കാര്‍ ബജറ്റിലൂടെ ശ്രമിക്കുന്നത്.
തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയില്‍ സാമൂഹ്യ ക്ഷേമപെന്ഷന് 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നാണ് യു ഡി എഫ് പ്രകടന പത്രികയിലെ ഇന്ദിരാഗ്യാരണ്ടിയിലൂടെ വാഗ്ദാനം നല്‍കിയത്. ഒരു മാസത്തിനകം എല്ലാ ഗ്യാരണ്ടികളും മറന്നുപോയ സര്‍ക്കാരിനെയാണ് ബജറ്റില്‍ കാണാനാവുക. ക്ഷേമപെന്ഷന് തുക ഒരു രൂപ പോലും വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല, എല്‍ ഡി എഫ് സര്‍ക്കാര്‍ 35 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ 1000 രൂപയുടെ സ്ത്രീ സുരക്ഷാ പദ്ധതിയെക്കുറിച്ച് ബജറ്റില്‍ മൗനം പാലിക്കുകയുമാണ്.
ഭൂരഹിതരും ഭവനരഹിതരുമായ ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമൊരുക്കിയ ലൈഫ് മിഷന് ഭവനപദ്ധതിയെ തകര്‍ക്കാനുള്ള ശ്രമവും യു ഡി എഫ് സര്‍ക്കാരിന്റെ ബജറ്റിലുണ്ട്. ഈ പദ്ധതിക്കുള്ള വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. പാവപ്പെട്ടവന്റെ സ്വന്തം വീടെന്ന സ്വപ്നം തല്ലിക്കെടുത്തി എന്ത് ക്ഷേമ പ്രവര്‍ത്തനമാണ് തന്റെ സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയെന്ന് വിശേഷിപ്പിക്കാവുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്താനും ബജറ്റ് വേദിയാവുന്നുണ്ട്. പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന വിഹിതമായി 2090.96 കോടി രൂപ ആവശ്യമായുണ്ട്. എന്നാല്‍, 668 കോടിയോളം രൂപയുടെ വന്‍കുറവ് വരുത്തി പാവങ്ങളുടെ വയറ്റത്തടിക്കാനാണ് യു ഡി എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ തൊഴില്‍ ദിനങ്ങളും കൂലിയും വെട്ടിചുരുക്കം എന്നത് ഉറപ്പാണ്.
ഇന്ദിരാഗ്യാരണ്ടിയുടെ ഭാഗമായി യു ഡി എഫ് വാഗ്ദാനം ചെയ്ത ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും വെളിച്ചം കാണില്ലന്നാണ് ബജറ്റില്‍ നിന്നും മനസ്സിലാക്കാനാവുക. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്ന് വീമ്പടിക്കുകയും അതിനായി 10 കോടിരൂപ മാത്രം മാറ്റിവെക്കുകയും ചെയ്തത് ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമാണ്. എല്ലാ കെ എസ് ആര് ടി സി ബസ്സുകളിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര നല്‍കുമെന്ന് ഇന്ദിരാഗ്യാരണ്ടിയിലൂടെ പ്രഖ്യാപനം നടത്തിയ യു ഡി എഫ്, ഓര്‍ഡിനറി ബസ്സുകളില്‍ മാത്രം സൗജന്യം നല്കി സ്ത്രീകളെ വെല്ലുവിളിക്കുന്നതും ബജറ്റിലുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വേണ്ടി കേരളത്തിന്റെ ചരിത്രപരമായ ഭൂപരിഷ്കരണ നിയമങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കും യു ഡി എഫ് ബജറ്റ് അടിവരയിടുന്നു. പൊതുവിതരണ സമ്പ്രദായത്തിന് നല്കി വരുന്ന വിപണി ഇടപെടല്‍ വിഹിതവും സബ്സിഡികളും ഇനിയുണ്ടാവില്ലെന്ന സന്ദേശമാണ് സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുമെന്ന പ്രഖ്യാപനത്തിന് പിറകിലുള്ളത്.
ധവളപത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് തയ്യാറാക്കിയ യു ഡി എഫ് സര്‍ക്കാരിന്റെ ബജറ്റ് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഒരുപറ്റം മാധ്യമങ്ങളുടെ സഹായത്തോടെ, നുണകള്‍ പ്രചരിപ്പിച്ച് മലയാളികളെയാകെ എക്കാലത്തും പറ്റിക്കാമെന്ന വ്യാമോഹമാണ് മുഖ്യമന്ത്രി വി ഡി സതീശനുള്ളത്. യു ഡി എഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് നുണകളുടെ കുമ്പാരം മാത്രമാണെന്ന് കെ എസ് കെ ടി യു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
