അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപകമാകുന്നതിനിടെ ആർഎസ്എസിനും ബിജെപിക്കും മേൽ രാഷ്ട്രീയ സമ്മർദം ശക്തമാകുന്നു. ട്രസ്റ്റ് നേതാക്കളായ ചമ്പത്ത് റായ്, അനിൽ മിശ്ര എന്നിവർ രാജിവെക്കേണ്ട സാഹചര്യം രൂപപ്പെട്ടതായും ആർഎസ്എസിന്റെ സമ്മർദത്തെ തുടർന്നാണ് ഇത്തരമൊരു നീക്കമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സംഭാവന തട്ടിപ്പിൽ അറസ്റ്റിലായവരുടെ മൊഴികളും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുപോകുമ്പോൾ, പ്രധാന പ്രതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ചിലരെ സംരക്ഷിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അടുത്ത അനുയായികൾ അറസ്റ്റിലായിട്ടും ചില ഉന്നതർക്കെതിരെ നടപടിയില്ലാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്.
അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ പ്രകാരം, സംഭാവനയായി ലഭിച്ച നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അധിക നോട്ടുകൾ തിരുകിക്കയറ്റിയും കണക്കിൽ ക്രമക്കേട് വരുത്തിയും തട്ടിപ്പ് നടത്തിയിരുന്നു. ഈ സമയങ്ങളിൽ ജീവനക്കാർ സിസിടിവി ക്യാമറകളുടെ ദൃശ്യം മറയ്ക്കാൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ഷേത്രത്തിൽ നിന്ന് തട്ടിയെടുത്ത പണം ആദ്യം ശൗചാലയത്തിൽ സൂക്ഷിച്ചശേഷം പുറത്തേക്ക് കടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
ഇതുവരെ എട്ട് പേരാണ് കേസിൽ അറസ്റ്റിലായത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാനിടയുണ്ടെന്ന സൂചനകളോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
