വി.ഡി സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. അധികാരത്തിലെത്തി ഒരു മാസം പിന്നിടും മുമ്പ് തന്നെ സർക്കാർ ആർ.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പി.എം.എ.വൈ പദ്ധതിയിൽ നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്ന കെ.എം. ഷാജിയുടെ നിലപാട് ആർ.എസ്.എസിനോടുള്ള വിധേയത്വത്തിന്റെ പ്രകടനമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എം.ജി സർവകലാശാലയിൽ ആർ.എസ്.എസ് പ്രവർത്തകരെ നിയമിച്ചതും പി.എം ശ്രീ പദ്ധതി നടപ്പാക്കിയതും കേന്ദ്രത്തിന് മുന്നിലുള്ള കീഴടങ്ങലിന്റെ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി സംഘപരിവാർ അനുകൂലിയായ ശേഷാദ്രിനാഥനെ നിയമിച്ച കാര്യം മന്ത്രിമാർ പോലും അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയതായും, കെ.പി.സി.സി ഓഫീസ് ആർ.എസ്.എസിന് എപ്പോൾ വിട്ടുനൽകുമെന്നാണ് ഇനി അറിയേണ്ടതെന്നും പരിഹാസരൂപേണ അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് പവർകട്ട് തിരിച്ചെത്തിയത് സർക്കാരിന്റെ ആസൂത്രണ പരാജയമാണെന്നും ഗോവിന്ദൻ വിമർശിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കാർഷിക ഉത്പന്നങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിച്ച് കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതി പ്രതിപക്ഷ വിമർശനത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ബക്കാഡി കമ്പനിയുടെ ഫയൽ ബജറ്റിന് ആഴ്ചകൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ പരിഗണനയിലെത്തിയിരുന്നുവെങ്കിലും മന്ത്രിസഭയോടും പാർട്ടിയോടും അത് മറച്ചുവെച്ചുവെന്നും ആരോപിച്ചു.

സ്ത്രീ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക സിപിഐഎം ഓഫീസിൽ നിന്ന് നൽകിയതാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭാ പരാമർശവും ഗോവിന്ദൻ മാസ്റ്റർ തള്ളി. അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.