തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതിയുടെ വിധി നിലവിലെ മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും, ഗോവധത്തിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ കഴിയില്ലെന്നുമാണ് തമിഴ്നാട് സർക്കാരിന്റെ പ്രധാന വാദം.
നിയമം നിർമ്മിക്കാനുള്ള അധികാരം നിയമനിർമ്മാണ സഭയ്ക്കാണ്. എന്നാൽ, ഹൈക്കോടതി സ്വന്തം നിലയിൽ നിയമം നിർമ്മിക്കുകയാണ് ചെയ്തതെന്നും ഇത് അധികാരപരിധിയുടെ ലംഘനമാണെന്നും അപ്പീലിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു. പ്രജനനത്തിനോ വളർത്താനോ കഴിയാത്ത അവസ്ഥയിലുള്ള പശുക്കളെ കൊല്ലാൻ നിലവിലെ നിയമപ്രകാരം അനുമതിയുണ്ട്. ഈ വസ്തുതകൾ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സർക്കാർ വാദിക്കുന്നു.
ബക്രീദ് ആഘോഷങ്ങളോട് അനുബന്ധിച്ച് കോയമ്പത്തൂരിൽ പൊതുസ്ഥലങ്ങളിൽ അറവ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലായിരുന്നു മെയ് 17-ന് ഹൈക്കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 1976-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, പാൽ ഉൽപാദനവും ഗ്രാമീണ സമ്പദ്വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിനായി പശുക്കളെ കൊല്ലുന്നത് നിരോധിക്കണമെന്നും, സംസ്ഥാനത്തെവിടെയും ഗോവധം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയോ ഡി.ജി.പിയോ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
