ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ രംഗത്ത്. അന്ത്യോദയ അന്നയോജന (AAY) പദ്ധതിയുടെ ആനുകൂല്യങ്ങൾ നിലവിലെ കുടുംബാടിസ്ഥാനത്തിൽ നിന്ന് വ്യക്തിഗത അടിസ്ഥാനത്തിലേക്ക് മാറ്റാനുള്ള നിർദേശം ദരിദ്ര കുടുംബങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഗുരുതര തിരിച്ചടിയാകുമെന്ന് പാർട്ടി ആരോപിച്ചു.

സിപിഐഎം പുറത്തിറക്കിയ പ്രസ്താവനയിൽ, പുതിയ ഭേദഗതി പ്രകാരം ഓരോ വ്യക്തിക്കും 7 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കുമെങ്കിലും, ഒരു കുടുംബത്തിന് അനുവദിക്കാവുന്ന പരമാവധി വിഹിതം 35 കിലോഗ്രാമായി തന്നെ നിശ്ചയിച്ചിരിക്കുന്നതിനാൽ വലിയ കുടുംബങ്ങൾക്ക് ഇതിലൂടെ യാതൊരു അധിക പ്രയോജനവും ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിലവിൽ പ്രതിമാസം 35 കിലോഗ്രാം ധാന്യം ലഭിക്കുന്ന ചെറിയ അംഗസംഖ്യയുള്ള കുടുംബങ്ങൾക്കും വയോധികർ മാത്രം താമസിക്കുന്ന വീടുകൾക്കും ഈ ഭേദഗതി വലിയ നഷ്ടമുണ്ടാക്കുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി. പുതിയ സംവിധാനം നിലവിൽ വന്നാൽ ഇത്തരം കുടുംബങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ജനസംഖ്യാ നിയന്ത്രണ നയങ്ങൾ ഫലപ്രദമായി നടപ്പാക്കിയ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഈ മാറ്റം കൂടുതൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും സിപിഐഎം ചൂണ്ടിക്കാട്ടി.

ഗുണഭോക്തൃ പട്ടിക കാലോചിതമായി പുതുക്കുകയും നിർദേശിച്ചിരിക്കുന്ന ജനവിരുദ്ധ ഭേദഗതി ഉടൻ പിൻവലിക്കുകയും ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് സിപിഐഎം ആവശ്യപ്പെട്ടു.