സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് ഭരണത്തിന്റെ പത്ത് വർഷത്തിനിടെ പവർകട്ട് ഉണ്ടായിരുന്നില്ലെന്നും യുഡിഎഫ് ഭരണകാലം പവർകട്ടിന്റെ പ്രതീകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
"എൽഡിഎഫ് രാഷ്ട്രീയം വെളിച്ചമാണെങ്കിൽ യുഡിഎഫ് എന്നാൽ ഇരുട്ടാണ്. പവർകട്ടിനെക്കുറിച്ച് ചോദിക്കുമ്പോൾ ഉപനേതൃ പദവിയെക്കുറിച്ചല്ല മറുപടി പറയേണ്ടത്," എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിശദീകരണവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫും രംഗത്തെത്തി. പ്രതിസന്ധി എത്രകാലം തുടരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി വർധിച്ചതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
ജലസംഭരണികളിലെ ജലനിരപ്പ് 28 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കാനുള്ള നിയമസാധ്യതകൾ പരിശോധിക്കുമെന്നും കടമായി വാങ്ങിയ വൈദ്യുതിയുടെ കുടിശ്ശിക തിരിച്ചടച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വില നൽകേണ്ടിവന്നാലും അധിക വൈദ്യുതി വാങ്ങാൻ ശ്രമിക്കുമെന്നും ഇതിനായി റെഗുലേറ്ററി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.
