സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോൾ തന്നെ കോൺഗ്രസിൽ ഗ്രൂപ്പ് പോരും ആഭ്യന്തര ഭിന്നതയും രൂക്ഷമാകുന്നു. സീനിയർ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെഎസ്‌യുവിനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് വഴിവെച്ചത്.

കൊച്ചി തേവര കോളേജിലെ ചടങ്ങിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണവും വിവാദം ശക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗ്ഗീസും മാത്യു കുഴൽനാടൻ എംഎൽഎയും കെഎസ്‌യുവിനെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ, മന്ത്രിമാരായ എം. ലിജുവും എ.പി. അനിൽകുമാറും കെ.പി. നൗഷാദലി എംഎൽഎയും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം നടത്തിയ കെ.പി.സി.സി വക്താക്കളായ വി.ആർ. അനൂപിനെയും ജിന്റോ ജോണിനെയും മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. അതേസമയം, കെ.പി.സി.സി നേതൃത്വത്തിലെ ഏകോപനക്കുറവും മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന പരാതിയും പാർട്ടിക്കുള്ളിൽ ചർച്ചയാകുകയാണ്.