എസ്.എഫ്.ഐ ഡൽഹി സെക്രട്ടറിയും വിദ്യാർത്ഥി നേതാവുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായി ഡൽഹി പോലീസ് സംഘം എകെജി ഭവനിലെത്തി. 2021-ൽ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

കേസുമായി ബന്ധപ്പെട്ട വാദം കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ ഡൽഹിയിലെ എകെജി ഭവനിൽ പോലീസ് സംഘം എത്തിയത്. സി.എ.എ–എൻ.ആർ.സി പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ ഉറപ്പുനൽകിയിരുന്നുവെന്ന് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ അറസ്റ്റ് നടപടികൾ തുടരുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

ഡൽഹി പോലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം നേതാവും രാജ്യസഭാ അംഗവുമായി ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തി. ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ ലക്ഷ്യമിട്ട് പ്രതികാര നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം യൂണിഫോം ധരിക്കാതെയാണ് എകെജി ഭവനിലെത്തിയതെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു. നിയമാനുസൃതമായ യൂണിഫോം ധരിച്ച ശേഷമേ എകെജി ഭവനിലേക്ക് പ്രവേശിക്കാവൂവെന്ന് അദ്ദേഹം വനിതാ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അറിയിച്ചു.