കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ പദ്ധതിയിൽ നിന്ന് പിന്മാറാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും, തിരുവനന്തപുരത്ത് ചേർന്ന യുഡിഎഫ് യോഗത്തിൽ ഇത് സംബന്ധിച്ച് ധാരണയായെന്നും അദ്ദേഹം പറഞ്ഞു. ഏതൊക്കെ വിദ്യാലയങ്ങളിൽ പദ്ധതി നടപ്പിലാക്കണം എന്ന കാര്യം യുഡിഎഫ് തീരുമാനിക്കും. കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകേണ്ട ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും, അർഹതപ്പെട്ട ആ തുക ഏറ്റുവാങ്ങേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരടങ്ങുന്ന മന്ത്രിസഭാ ഉപസമിതിയും പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് എത്തിച്ചേർന്നത്. അതേസമയം, ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ സ്കൂളുകളെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കെടുത്തിട്ടില്ലെന്നും, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് പിഎം ശ്രീ ഫണ്ട് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ കേരളത്തിൽ പദ്ധതി നടപ്പിലാക്കിയ 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ളവയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.