കേന്ദ്ര സർക്കാർ കുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി രാമകൃഷ്ണൻ ആരോപിച്ചു. തൊഴിലാളി-കർഷക വിരുദ്ധ നയങ്ങളാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്നും, രാജ്യത്ത് ലേബർ കോഡ് നടപ്പിലാക്കാനുള്ള ശ്രമം ശക്തമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച രാജ്യവ്യാപക ജയിൽ നിറയ്ക്കൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലേബർ കോഡിനെതിരെ നിലപാട് സ്വീകരിച്ച ഏക സംസ്ഥാന സർക്കാർ കേരളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ മന്ത്രിയായിരുന്ന വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഇതിനെതിരെ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നുവെന്നും ടി.പി. രാമകൃഷ്ണൻ ഓർമ്മിപ്പിച്ചു.
തൊഴിലാളികൾക്കും കർഷകർക്കും ഉറപ്പായ മിനിമം വേതനം ലഭ്യമാക്കണമെന്നും, കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകർക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്നും, ഈ രംഗത്ത് കേരളം മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയകാലത്ത് നിരവധി ട്രാൻസ്ഫോമറുകളും സബ്‌സ്റ്റേഷനുകളും തകർന്നിട്ടും സംസ്ഥാനത്ത് വൈദ്യുതി വിതരണം കാര്യമായി തടസപ്പെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇപ്പോഴത്തെ സാഹചര്യവുമായി അതിനെ താരതമ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും ദുർബലമാകുകയാണെന്ന് ആരോപിച്ച ടി.പി. രാമകൃഷ്ണൻ, അതിനെതിരെ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ച് നിലകൊള്ളേണ്ട സാഹചര്യമാണുള്ളതെന്നും പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ രാജിയല്ല തങ്ങൾ ആവശ്യപ്പെടുന്നതെന്നും, തൊഴിലാളികൾക്കും കർഷകർക്കും അനുകൂലമായ നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കണമെന്നാണ് സമരത്തിന്റെ പ്രധാന ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
