ഇന്ത്യൻ കോഫി ഹൗസ് സഹകരണ സംഘത്തിൽ ചട്ടവിരുദ്ധമായി ജീവനക്കാരെ നിയമിച്ചെന്ന പരാതിയിൽ സംസ്ഥാന സർക്കാരിനോടും വ്യവസായ വകുപ്പ് ഡയറക്ടറോടും വിശദീകരണം തേടി ഹൈക്കോടതി. വിഷയത്തിൽ തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.

എഴുത്തുപരീക്ഷയും അഭിമുഖവും നിർബന്ധമാക്കിയ നിയമന മാർഗനിർദേശങ്ങൾ ലംഘിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി ആരോപിച്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരായ സുരേഷ് കുമാറും പി. പ്രകാശും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഭിന്നശേഷിക്കാർക്ക് നാല് ശതമാനം സംവരണം നൽകണമെന്ന സഹകരണ നിയമത്തിലെ വ്യവസ്ഥകളും പാലിച്ചില്ലെന്നാണ് ഹർജിക്കാരുടെ ആരോപണം.

2015 മുതൽ 2019 വരെ നടന്ന ജനറൽ വർക്കർ നിയമനങ്ങളിൽ ക്രമക്കേടുകൾ ഉണ്ടായെന്ന പരാതിയിൽ അന്വേഷണം നടത്താൻ വ്യവസായ വകുപ്പ് ഡയറക്ടർക്ക് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നുവെങ്കിലും അത് നടപ്പാക്കിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ കോഫി ഹൗസ് ഭരണസമിതിക്കും സഹകരണ സംഘത്തിനും പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയയ്ക്കാനും കോടതി നിർദേശിച്ചു. ഹർജിക്കാർക്കായി അഡ്വ. പി.പി. താജുദ്ദീൻ കോടതിയിൽ ഹാജരായി.