വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ അനുമതിയില്ലാതെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചെന്നാരോപിച്ച് ബിജെപിക്കെതിരെ കൊച്ചിൻ ദേവസ്വം ബോർഡ് പൊലീസിൽ പരാതി നൽകി. തേക്കിൻകാട് മൈതാനം രാഷ്ട്രീയ പരിപാടികൾക്കായി ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് പരിപാടി നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് ദേവസ്വം ബോർഡ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് തൃശൂരിൽ ബിജെപി സമാന്തര സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്.
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് തേക്കിൻകാട് മൈതാനത്ത് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. ബിജെപിയുടെ നടപടി സ്വാതന്ത്ര്യദിനത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്നതാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് വിമർശിച്ചു. സിപിഎമ്മും സംഭവത്തെതിരെ രംഗത്തെത്തി.
