സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദസഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾക്കും (ഡിറ്റിപിസി) പ്രത്യേക നിർദേശം നൽകി. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലും മഴ വ്യാപിക്കുന്ന സാഹചര്യത്തിൽ സമീപ ജില്ലകളിലെ വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദേശം.

മുന്നറിയിപ്പ് അവസാനിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂമുകൾ ആരംഭിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിപ്പിക്കണം. കേരളത്തിലെത്തിയിട്ടുള്ള ഇതര സംസ്ഥാന സഞ്ചാരികൾക്കും മുന്നറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

സഞ്ചാരികൾ അപകടത്തിൽപ്പെടുകയോ ഒറ്റപ്പെട്ടുപോകുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട അടിയന്തര സഹായ നമ്പറുകൾ വ്യാപകമായി പ്രചരിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും മഴ അവസാനിക്കുന്നതുവരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഇത്തരം പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ആവശ്യമായ യാത്രാ നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്യണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.