കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സെപ്റ്റംബർ 1ന് ദില്ലിയിലെ രാമലീല മൈതാനത്ത് വൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ അറിയിച്ചു. ‘ബദലാവ് സറൂരി ഹെ’, ‘ദില്ലി ചലോ’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എട്ടോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.

റാലിയെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെന്നും പ്രവർത്തകർ യാത്ര ചെയ്യാൻ ബുക്ക് ചെയ്തിരുന്ന ട്രെയിനുകൾ റദ്ദാക്കിയെന്നും ഡി രാജ ആരോപിച്ചു. റദ്ദാക്കിയ ടിക്കറ്റുകളുടെ തുക റെയിൽവേ പിന്നീട് മടക്കി നൽകിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാർഥികൾ, യുവാക്കൾ, തൊഴിലാളികൾ, പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഡി രാജ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക, സാമൂഹിക നയങ്ങൾക്കെതിരായ ശക്തമായ ജനകീയ പ്രതിഷേധമായിരിക്കും റാലിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നേപ്പാളിൽ ഉണ്ടായ പ്രളയദുരന്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും ഡി രാജ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കേന്ദ്ര സർക്കാർ കൂടുതൽ സജീവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേപ്പാൾ, ചൈന എന്നീ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളുമായി അടിയന്തര ആശയവിനിമയം നടത്തണമെന്നും, ദുരന്തബാധിതരുടെ സുരക്ഷയും കുടുങ്ങിക്കിടക്കുന്നവരുടെ തിരിച്ചുവരവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. നേപ്പാളിൽ ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി അതീവ ആശങ്കാജനകവും ഞെട്ടിക്കുന്നതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.