വരാനിരിക്കുന്ന വില്ലേജ് കമ്മിറ്റി, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ത്രിപുരയിലെ രാഷ്ട്രീയ-സംഘടനാ സാഹചര്യം വിലയിരുത്താൻ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം അഗർത്തലയിൽ ചേർന്നു. സിപിഐ എം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പങ്കെടുത്ത യോഗം ദശരഥ് ദേബ് ഭവനിലായിരുന്നു.
പാർട്ടിയുടെ പതിവ് സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റി യോഗം നടക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരി പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഉണ്ടായ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സംഭവവികാസങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗസ്റ്റ് 10ന് സംഘടിപ്പിച്ച ‘ജയിൽ ഭരോ’ സമരം ഉൾപ്പെടെ പാർട്ടിയും പോഷകസംഘടനകളും നടത്തിയ വിവിധ പരിപാടികളുടെ പ്രവർത്തനഫലവും യോഗം പരിശോധിക്കും. പരിപാടികളുടെ ശക്തിയും പോരായ്മകളും വിലയിരുത്തി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്നും ചൗധരി പറഞ്ഞു.
വില്ലേജ് കമ്മിറ്റി, മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ, വരാനിരിക്കുന്ന നിയമസഭാ സമ്മേളനം എന്നിവ മുൻനിർത്തി പാർട്ടിയുടെ രാഷ്ട്രീയ-ജനാധിപത്യ പ്രചാരണ പരിപാടികൾക്കും യോഗം അന്തിമരൂപം നൽകും. പൊതുജനതാൽപര്യമുള്ള വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളും സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരായ സമരപരിപാടികളും ചർച്ചയാകും.
അടുത്തിടെ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിലെ തീരുമാനങ്ങളും ദേശീയ രാഷ്ട്രീയ സാഹചര്യവും സംബന്ധിച്ച് എം.എ. ബേബി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ വിശദമായി ബോധ്യപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണങ്ങൾ വർധിക്കുന്നുവെന്ന ആരോപണവും സിപിഐ എം ഉയർത്തി. ജോഗേന്ദ്രനഗറിലെ പാർട്ടി ഓഫീസിന് നേരെയുണ്ടായ നാശനഷ്ടത്തെ തുടർന്ന് ജിതേന്ദ്ര ചൗധരി സ്ഥലം സന്ദർശിച്ച് പ്രാദേശിക നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി.
ആക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞുവരികയാണെന്നും കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രവർത്തകരെയും പാർട്ടി ഓഫീസുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സംസ്ഥാനത്തെ ജനാധിപത്യ അന്തരീക്ഷത്തെ ബാധിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ രാഷ്ട്രീയവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും ചൗധരി വ്യക്തമാക്കി.
സംസ്ഥാനതല വിഷയങ്ങളും ദേശീയ രാഷ്ട്രീയ സാഹചര്യവും പരിഗണിച്ച് വരും മാസങ്ങളിലെ സംഘടനാ-രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന കമ്മിറ്റി യോഗം ദിശാനിർദേശം നൽകുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
