കൊണ്ടോട്ടി സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനവും അഴിമതിയുമാണ് ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന ഗുരുതര ആരോപണവുമായി സിപിഎം നേതാവ് പിണറായി വിജയൻ. സംഭവത്തെ അത്യന്തം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗം തടഞ്ഞുവെച്ചാണ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഏജന്റുമാരെ ഒഴിവാക്കി നേരിട്ട് ആർടി ഓഫീസിനെ സമീപിച്ചതും കൈക്കൂലി നൽകാൻ തയ്യാറാകാതിരുന്നതുമാണ് ഷൗക്കത്തലി ചെയ്ത “തെറ്റ്” എന്ന് അദ്ദേഹം പരിഹസിച്ചു. മുൻപ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്ന വാഹനത്തിന് ചെറിയ ബോഡി വർക്കുകളുടെയും മോഡിഫിക്കേഷന്റെയും പേരിൽ പത്ത് മാസത്തോളം സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്നും, ഇതോടെ ഉപജീവന മാർഗം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് യുവാവ് ആത്മഹത്യയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാഹന മോഡിഫിക്കേഷൻ നിയമങ്ങളിൽ ഇളവുകൾ കൊണ്ടുവരുമെന്നും അപ്രായോഗിക വ്യവസ്ഥകൾ ഒഴിവാക്കുമെന്നും തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ നിലവിലെ സർക്കാർ പാലിച്ചില്ലെന്നും പിണറായി ആരോപിച്ചു. അധികാരത്തിലെത്തിയ ശേഷം ആ വാഗ്ദാനങ്ങൾ ഉപേക്ഷിച്ച സർക്കാർ, അനുവദനീയമായ മോഡിഫിക്കേഷനുകളുടെ പേരിൽ പോലും മോട്ടോർ വാഹന വകുപ്പിന്റെ വേട്ടയാടലുകൾക്ക് വഴിയൊരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏജന്റ് മാഫിയകൾക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കും സ്വാതന്ത്ര്യം നൽകിക്കൊണ്ട് സാധാരണ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

ഷൗക്കത്തലിയുടെ മരണത്തിന് ഉത്തരവാദികളായ കൊണ്ടോട്ടി സബ് ആർടി ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ തയ്യാറാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കൂടാതെ, കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായവും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

കേവലം അന്വേഷണ പ്രഖ്യാപനങ്ങൾ കൊണ്ട് ഈ വിഷയത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും, സംഭവത്തിന്റെ പൂർണ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.