തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തോൽവിയും വോട്ട് ചോർച്ചയും സംബന്ധിച്ച് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിയുന്ന സ്ഥാനാർഥിയെ രംഗത്തിറക്കി പ്രതിരോധിക്കേണ്ട സാഹചര്യത്തിൽ സ്ഥാനാർഥി നിർണയത്തിൽ പോരായ്മ ഉണ്ടായെന്ന് സമ്മതിക്കാൻ മടിയില്ലെന്നും രാഗേഷ് പറഞ്ഞു. എസ്.ഐ.ആർ പ്രക്രിയയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാർ വർധിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു തളിപ്പറമ്പ്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലാണ് പ്രധാനമായും വോട്ട് വർധന ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മുൻ സിപിഎം നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവും രാഗേഷ് ഉയർത്തി. പാർട്ടി യോഗത്തിൽ "എന്നെ എന്തുകൊണ്ട് സ്ഥാനാർഥിയായി പരിഗണിച്ചില്ല" എന്ന് ചോദിച്ച ഗോവിന്ദൻ വലിയ വിപ്ലവകാരിയായി സ്വയം അവതരിപ്പിച്ചിരുന്നുവെങ്കിലും, പിന്നീട് അധികാരമോഹിയും വർഗവഞ്ചകനുമായി മാറിയെന്നാണ് ആരോപണം.

പാർട്ടിയെ പിന്നിൽ നിന്ന് വഞ്ചിച്ച വ്യക്തിയാണ് ടി.കെ. ഗോവിന്ദനെന്നും, തളിപ്പറമ്പിന്റെ 'ബ്രൂട്ടസ്' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാവുന്നതെന്നും രാഗേഷ് പറഞ്ഞു. പാർട്ടിയെ നെഞ്ചിൽ കുത്തിയ രാഷ്ട്രീയ വഞ്ചകനായി ചരിത്രം അദ്ദേഹത്തെ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.