ജന്തർ മന്ദിറിൽ വിദ്യാർത്ഥി പ്രക്ഷോഭകയുടെ പിതാവായ സഞ്ജയ് കുമാറിനെ ക്രൂരമായി മർദിച്ചതായി തുറന്നുസമ്മതിച്ച സ്വയംപ്രഖ്യാപിത ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ 72 മണിക്കൂറിനകം അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പൊലീസ് ഉറപ്പ് നൽകിയതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കൾ അറിയിച്ചു. ഭരദ്വാജിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനൊടുവിലായിരുന്നു പൊലീസിന്റെ ഉറപ്പ്.

സഞ്ജയ് കുമാറിന്റെ തലയോട്ടി തകർത്തതായി വീഡിയോയിൽ തന്നെ സമ്മതിച്ചിട്ടും ഭരദ്വാജിനെതിരെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ചതിനെതിരെ എംപിമാരായ ചന്ദ്രശേഖർ ആസാദ്, പപ്പു യാദവ് എന്നിവരും സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.

സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു അഭിമുഖത്തിലാണ് ആക്രമണത്തിന് ഉത്തരവാദി താനാണെന്ന് ഭരദ്വാജ് അവകാശപ്പെട്ടത്. സഞ്ജയ് കുമാറിന്റെ തലയോട്ടി താൻ അടിച്ചുപൊട്ടിച്ചുവെന്നും അദ്ദേഹത്തിന് 60 തുന്നലുകൾ ഇടേണ്ടിവന്നുവെന്നും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നും വീഡിയോയിൽ ഇയാൾ പറയുന്നു. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഒരു ദിവസം പോലും ജയിലിൽ കഴിയേണ്ടിവന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഉന്നത ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും പിന്തുണ തനിക്കുണ്ടെന്നും, ബിജെപി നേതാവ് കപിൽ മിശ്രയുടെ ഇടപെടലിനെ തുടർന്നാണ് പൊലീസ് വിട്ടയച്ചതെന്നും ഭരദ്വാജ് വീഡിയോയിൽ പറയുന്നുണ്ട്. ഈ പരാമർശങ്ങളും പൊലീസ് നടപടികളും വിവാദമായ സാഹചര്യത്തിൽ വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്.